ചാലക്കുടി: ഇരിങ്ങാലക്കുട രൂപതയുടെ സഹകരണത്തോടെ കുറ്റിക്കാട് ഫൊറോന പള്ളിയിൽ നടക്കുന്ന കാർഷിക എക്‌സ്‌പോ കാണാൻ വൻതിരക്ക്. ആയിരം കിലോ ഭാരമുള്ള കാള, 1200 കിലോ തൂക്കംവരുന്ന പോത്ത് എന്നിവ കാണികളുടെ മനം കവർന്നു. ചെറുതുരുത്തിയിലെ വിജയന്റെ പുരാവസ്തു ശേഖരവും കാണികൾക്ക് കൗതുകമായി. നൂറ്റാണ്ടിലേറെ പഴക്കമുള്ള ജലച്ചക്രം, സാമ്പാർ പാത്തി, പിച്ചള ചിമ്മിണികൾ, ഒറ്റലുകൾ, ഓണവില്ല് ഇവയെല്ലാം കാണാനും ആസ്വദിക്കാനും ആളുകൾ ഏറെ സമയം ചെലവഴിച്ചു. മേള തിങ്കളാഴ്ച സമാപിക്കും. ദേവാലയത്തിലെ അമ്പുതിരുനാൾ ശതാബ്ദിയാഘോഷത്തിന്റെ സമാപനവും തിങ്കളാഴ്ച വൈകീട്ട് നടക്കും. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ചടങ്ങിൽ സംബന്ധിക്കും.