ഗുരുവായൂർ: കരുണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൈവാഹിക സംഗമം റിട്ട. ജസ്റ്റീസ് കെ. ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി നിരവധി പേർ പങ്കെടുത്ത സംഗമത്തിൽ കാഴ്ച്ചക്കുറവുള്ള 3 ജോഡി യുവതീ യുവാക്കളും മറ്റു ഭിന്ന ശേഷിക്കാരായ 6 ജോഡി യുവതീ യുവാക്കളും ജീവിത പങ്കാളികളെ കണ്ടെത്തി. സ്ത്രീധന രഹിത വിവാഹത്തിന് തയ്യാറായ 2 ജോഡി യുവതീ യുവാക്കളും പങ്കാളികളെ സംഗമത്തിൽ കണ്ടെത്തി.
ചടങ്ങിൽ ഉജാല ഡയറക്ടർ വി.എ. വാമനൻ അമ്മമാർക്കുള്ള പെൻഷൻ വിതരണം നടത്തി. കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. സുരേഷ്, സെക്രട്ടറി അഡ്വ. രവി ചങ്കത്ത്, ഭാരവാഹികളായ വേണു പ്രാരത്ത്, ഫാരിദ ടീച്ചർ, കെ.വി. കുമാരൻ, ബഷീർ പൂക്കോട് എന്നിവർ സംസാരിച്ചു.
ഏഴ് വർഷത്തോളമായി കരുണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വൈവാഹിക സംഗമം സംഘടിപ്പിച്ചു വരുന്നുണ്ട്. ഇതുവരെ കരുണ സംഘടിപ്പിച്ച വിവിധ വൈവാഹിക സംഗമങ്ങളിൽ നിന്നായി 424 വിവാഹങ്ങൾ നടന്നു. ഇന്നലെ നടന്ന വൈവാഹിക സംഗമത്തിൽ പങ്കാളികളെ കണ്ടെത്തിയവരുടെ വിവാഹം ഒക്ടോബർ 18ന് കരുണയുടെ നേതൃത്വത്തിൽ നടത്തും.