ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഭരണസമിതി കാലാവധി പൂർത്തിയാക്കി അധികാരമൊഴിഞ്ഞു. കെ.ബി മോഹൻ ദാസ് ചെയർമാനായുള്ള ഭരണസമിതിയാണ് ഇന്നലെ കാലാവധി പൂർത്തിയാക്കിയത്. അടുത്ത ഭരണ സമിതിയെ സർക്കാർ നിയമിക്കുന്നതു വരെ സ്ഥിരാംഗങ്ങളായ ക്ഷേത്രം ഊരാളൻ, തന്ത്രി, സാമൂതിരി എന്നിവരടങ്ങിയ ഭരണസമിതിക്കാണ് ചുമതല. സംസ്ഥാന മന്ത്രി സഭയിലെ ഹിന്ദുമന്ത്രിമാരാണ് ദേവസ്വം ഭരണസമിതിയെ തെരഞ്ഞെടുക്കുക.
നിലവിലുണ്ടായിരുന്ന ഭരണസമിതിയിലെ ചെയർമാൻ കെ.ബി മോഹൻദാസും, ജീവനക്കാരുടെ പ്രതിനിധി എ.വി പ്രശാന്തും അടുത്ത ഭരണസമിതിയിലും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ആറ് അംഗങ്ങളെയാണ് സർക്കാർ ഭരണസമിതി അംഗങ്ങളായി നിയമിക്കുക. ജീവനക്കാരുടെ പ്രതിനിധിയും ഹരിജൻ പ്രതിനിധിയും ഉൾപ്പെടുന്നതാണ് ഭരണസമിതി. സർക്കാർ നിയമിക്കുന്ന അംഗങ്ങൾക്ക് പുറമെ മൂന്ന് സ്ഥിരാംഗങ്ങളും ഭരണ സമിതിയിലുണ്ടാകും. ഭരണസമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റ ശേഷം ചേരുന്ന ആദ്യ ഭരണസമിതി യോഗത്തിലാണ് ചെയർമാനെ തെരഞ്ഞെടുക്കുക. രണ്ട് വർഷമാണ് ദേവസ്വം ഭരണസമിതിയുടെ കാലാവധി