കൊടുങ്ങല്ലൂർ: യഥാർത്ഥ ചരിത്രം ജനം പഠിക്കാതിരിക്കാൻ ബി.ജെ.പി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവംഗം മുല്ലക്കര രത്നാകരൻ പറഞ്ഞു.

ഇ. ഗോപാലകൃഷ്ണ മേനോൻ ജന്മശതാബ്ദിയോടനുബന്ധിച്ച് കൊടുങ്ങല്ലൂരിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രത്തെ മറക്കുക എന്നതാണ് രാജ്യം ഭരിക്കുന്നവർ പറയുന്നത്. യഥാർത്ഥ ചരിത്രം ജനം പഠിക്കരുതെന്ന അവരുടെ നിർബന്ധ ബുദ്ധിയാണിതിന് പിന്നിൽ. ഇന്ത്യയിൽ നിലനിൽക്കുന്ന മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും യോജിപ്പ് തകർക്കാനാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ മോദിയും അമിത്ഷായും തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ജി. ശിവാനന്ദൻ രചിച്ച ഇ. ഗോപാലകൃഷ്ണമേനോന്റെ ജീവചരിത്രം 'ചരിത്രം തുടിക്കുന്ന വിപ്ലവ സ്മരണകൾ ' എന്ന പുസ്തകം പാർട്ടി സംസ്ഥാന എക്സിക്യുട്ടീവംഗം കെ.പി രാജേന്ദ്രൻ ഗോപാലകൃഷ്ണമേനോന്റെ സഹധർമ്മിണി ഡോ.വി സരസ്വതിയമ്മയ്ക്ക് നൽകി പ്രകാശനം ചെയ്തു. സംഘാടക സമിതി കൺവീനർ കെ ജി ശിവാനന്ദൻ സ്വാഗതം പറഞ്ഞു. സംസ്ഥാന എക്സിക്യുട്ടീവംഗം എ. കെ ചന്ദ്രൻ, സംസ്ഥാന കൗൺസിലംഗങ്ങളായ കെ. ശ്രീകുമാർ, ഷീല വിജയകുമാർ, സംഘാടക സമിതി ചെയർമാൻ വി. ആർ സുനിൽ കുമാർ എം.എൽ.എ, ഇ.ടി ടൈസൺ എം.എൽ.എ, പി. ബാലചന്ദ്രൻ, അഡ്വ. ടി.ആർ രമേഷ്കുമാർ, ടി.കെ സുധീഷ്, കെ.വി വസന്തകുമാർ, എൻ.കെ ഉദയപ്രകാശ്, വി. എസ് പ്രിൻസ് എന്നിവർ പങ്കെടുത്തു. പി.പി സുഭാഷ് നന്ദി പറഞ്ഞു. സമ്മേളന നഗരിയിലുയർത്തിയ 101 സ്മൃതി പതാകകളുടെ ഉദ്ഘാടനം ആദ്യ പതാക ഉയർത്തിക്കൊണ്ട് എ. കെ ചന്ദ്രൻ നിർവഹിച്ചു. പി. ഭാസ്കരൻ ഫൗണ്ടേഷന്റെ ഗാനമേളയും അരങ്ങേറി.