കൊടുങ്ങല്ലൂർ: തീരദേശ പരിപാലന നിയമം നടപ്പാക്കുമ്പോൾ കേരളത്തിലെ കടലോര - കായലോര മേഖലകളിൽ അധിവസിക്കുന്ന മത്സ്യ തൊഴിലാളി ഭവനങ്ങളെയും , തൊഴിലുപകരണങ്ങൾ സൂക്ഷിക്കുന്ന ഷെഡുകളെയും ആരാധനാലയങ്ങളെയും ഒഴിപ്പിക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് ധീവര സഭ കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു.

രൂക്ഷമായ കടലാക്രമണവും അടിക്കടിയുണ്ടായ പ്രളയവും മൂലം കടലോര - കായലോര തീരദേശം നഷ്ടപ്പെടുന്നതിന്റെ ഫലമായിട്ടാണ് ഇവരുടെ ഭവനങ്ങളും ആരാധനാലയങളും സ്ഥാപനങ്ങളും തീരദേശ നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ പെടുന്നത്. 2019 ലെ തീരദേശ നിയന്ത്രണ നിയമം അനുസരിച്ച് സംസ്ഥാന സർക്കാർ ഇതു സംബന്ധിച്ച നിർദ്ദേശം കേന്ദ്ര സർക്കാരിന് സമർപ്പിക്കാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ വസ്തുതകൾ പരിഗണിച്ച് ഭവനങ്ങളെയും സ്ഥാപനങ്ങളെയും സംസ്ഥാന സർക്കാർ സുപ്രിംകോടതിക്ക് സമർപ്പിക്കുന്ന ലിസ്റ്റിൽ നിന്നും ഒഴിവാക്കാനുളള നടപടികൾ സ്വീകരിക്കണമെന്നും താലൂക്ക് പ്രസിഡന്റ് മണി കാവുങ്ങലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു. ഈ വിഷയം ഉന്നയിച്ചു ഇന്ന് വൈകിട്ട് അഞ്ചിന് പൊലീസ് മൈതാനിയിൽ സായാഹ്ന ധർണ്ണ നടത്താനും യോഗം തീരുമാനിച്ചു. യോഗത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. ബാലകൃഷ്ണൻ, അഡ്വ. ഷാജു തലാശ്ശേരി, കെ.വി തമ്പി, കെ.വി പുഷ്പാകരൻ, ഇ.കെ ദാസൻ, വേണു വെണ്ണറ തുടങ്ങിയവർ സംസാരിച്ചു.