കൊടുങ്ങല്ലൂർ: പൗരത്വ ഭേദഗതി പ്രശ്‌നമുയർത്തി വിദ്യാർത്ഥിനികളോട് പാക്കിസ്ഥാനിലേക്ക് പോകാൻ തയ്യാറാകാൻ ഉപദേശിച്ചെന്ന ആരോപണത്തിന് വിധേയനായ അദ്ധ്യാപകനെതിരെ കേസെടുത്തു. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അദ്ധ്യാപകനായിരുന്ന കലേശിനെതിരെയാണ് കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തത്. ഇദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണം വലിയ വിവാദത്തിന് വഴിവെച്ചതോടെ വിദ്യാഭ്യാസ വകുപ്പധികൃതർ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ഇതേസമയം എസ്.എഫ്.ഐ, എം.എസ്.എഫ് തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ നൽകിയ പരാതികൾ പരിഗണിച്ച് അന്വേഷണം നടത്തിയ പൊലീസ് സംഘം സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിനികളിൽ ചിലരിൽ നിന്നും ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ പി.കെ പത്മരാജൻ വ്യക്തമാക്കി.