ilsung
നിർമ്മാണം പൂർത്തിയാക്കിയ ഏടാകൂടങ്ങൾക്ക് നടുവിൽ ഇൻസുങ്

മാള: പെരുന്തച്ചന്റെ കുലത്തിൽ പിറന്ന ഇൽസുങ്ങിന്റെ ജീവിതം 'ഏടാകൂടങ്ങൾക്ക്' നടുവിലാണ്. മരത്തിൽ ഏടാകൂടങ്ങൾ നിർമ്മിക്കുന്ന പെരുന്തച്ചനാണ് ഇൽസുങ് എന്നു പറയാം. ബുദ്ധിയുടെ വെല്ലുവിളിയും അതിന്റെ ആനന്ദവും ആണ് ഏടാകൂട നിർമ്മാണം ഈ 40കാരന് . നിരന്തരമായ ഗവേഷണത്തിലൂടെ 339 കഷണങ്ങളുള്ള ഏടാകൂടം വരെ നിർമ്മിക്കുന്നുണ്ട്. മാളയ്ക്കടുത്തുള്ള തൻകുളം ഇടയംകുന്നത്ത് വീട്ടിലെ മുറിയിൽ നിറയെ ഇൽസുങ് നിർമ്മിച്ച ഏടാകൂടങ്ങളാണ്.

വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള മരക്കഷണങ്ങൾ ചേർത്ത് ഒരുക്കുന്ന ഏടാകൂടം അഴിച്ചെടുത്ത് തിരികെ അതുപോലെ സജ്ജീകരിക്കുന്നത് റൂബിക്‌സ് ക്യൂബ് പോലെ ബുദ്ധിവികാസത്തിനും ഫലപ്രദമാണ്. കൈകളിൽ മർദ്ദം ചെലുത്തി ചെയ്യുന്നതിനാൽ മികച്ച രക്തചംക്രമണ ഉപാധിയുമാണ്. സ്‌കൂളിൽ പഠിക്കുമ്പോൾ പലരും ഏടാകൂടം കളിക്കുന്നത് കണ്ടിട്ടുള്ള ഇൽസുങ് എട്ട് വർഷം മുമ്പാണ് ഏടാകൂടം നിർമ്മാണം തുടങ്ങിയത്.

വിശ്വകർമ്മ വിഭാഗക്കാരായ 150 ഓളം കുടുംബങ്ങൾ താമസിക്കുന്ന തൻകുളം പ്രദേശത്ത് ഇവരുടെ പക്കൽ തന്നെയാണ് ഏടാകൂടം ആദ്യമായി കണ്ടതും. വിവാഹശേഷം ഭാര്യാവീട്ടിലെത്തിയപ്പോൾ ഭാര്യാപിതാവ് സദാനന്ദൻ നിർമ്മിച്ച ആറ് കഷണങ്ങളുടെ ഏടാകൂടം ഇൽസുങ്ങിനെ ആകർഷിച്ചു. സദാനന്ദനാണ് ഏടാകൂട നിർമ്മാണം ഇൽസുങ്ങിനെ പരിശീലിപ്പിച്ചത്. പിന്നീട് മകന് രണ്ട് വയസുള്ളപ്പോൾ കളിക്കാനായി മൂന്ന് കഷണങ്ങളുടെ ഏടാകൂടം നിർമ്മിച്ചുതുടങ്ങി. ഇപ്പോൾ അത് 339 എണ്ണത്തിൽ എത്തിനിൽക്കുന്നു. 339 കഷണങ്ങളുടെ ഏടാകൂടത്തിന് 24 ഇഞ്ച് ഉയരമുണ്ട്.

ഇന്റർനെറ്റിലൂടെ അറിവ് വിപുലീകരിച്ച ഇൽസുങ് നിരവധി വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് ഏടാകൂട നിർമ്മാണത്തിൽ പരിശീലനക്കളരി നടത്തുന്നുണ്ട്. അറിയപ്പെടുന്ന മിമിക്രി കലാകാരൻ കൂടിയാണ് ഇൽസുങ്. അച്ഛൻ തങ്കപ്പനിൽ നിന്നാണ് മരപ്പണി പഠിച്ചത്. തേക്ക്, ഈട്ടി, കുമിഴ് എന്നീ മരങ്ങളിൽ വീടിനോട് ചേർന്നുള്ള പണിശാലയിലാണ് ഏടാകൂടം നിർമ്മിക്കുന്നത്. ചെറിയ ഏടാകൂടം നിർമ്മിക്കാൻ ഒരു ദിവസം മതി. 339 എണ്ണമുള്ളതിന് രണ്ട് മാസം വേണം.

ഭാര്യ സംഗീതയും മക്കളായ ശ്രീദത്തും ഹയാനും ഏടാകൂടത്തിന്റെ കുരുക്കഴിക്കാൻ പരിശീലിച്ചുകഴിഞ്ഞു. ആയിരത്തിലധികം കഷണങ്ങളുള്ള ഏടാകൂടം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇൽസുങ്.

ഏടാകൂടം...?

രാജകൊട്ടാരങ്ങളിലും പണ്ഡിത സദസുകളിലും തർക്കശാസ്ത്രത്തിലും ബുദ്ധിയുടെ മേൽക്കൈ അളന്നിരുന്നത് ഏടാകൂടങ്ങൾ പ്രയോഗിച്ചായിരുന്നു. ഗണിത ശാസ്ത്രവും തച്ചുശാസ്ത്രവും ഇഴചേർന്ന ഏടാകൂടം കുട്ടികൾക്കും മുതിർന്നവർക്കും കൈകാര്യം ചെയ്യാം. ഗണിതശാസ്ത്രവും തച്ചുശാസ്ത്രവും ചേർന്നുള്ള ഈ കളി കുട്ടികളുടെ ബുദ്ധിവികാസത്തിന് പ്രയോജനപ്പെടും.