തൃശൂർ: ഉത്സവകാലം തുടങ്ങിയെങ്കിലും ആന എഴുന്നള്ളിപ്പുകളുളള ജില്ലയിലെ ഉത്സവങ്ങളുടെ രജിസ്ട്രേഷൻ ഇതുവരെ നടത്തിയത് പകുതിയോളം മാത്രം. രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഉത്സവങ്ങളുടെ മേൽ സർക്കാർ സംവിധാനങ്ങളുടെ നിയന്ത്രണം നഷ്ടമാകുമെന്ന് മനസിലാകാതെ, അതിൻ്റെ പ്രത്യാഘാതങ്ങൾ തിരിച്ചറിയാത്തതാണ് സംഘാടകരുടെ വിമുഖതയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.

2015ലെ കോടതി ഉത്തരവ് പ്രകാരമാണ് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി മുഖേന രജിസ്ടേഷൻ നടത്തുന്നത്. രജിസ്ട്രേഷൻ നടത്തിയില്ലെങ്കിൽ ആ ഉത്സവത്തിന് ആന എഴുന്നളളിപ്പ് നിരോധിക്കാൻ കമ്മിറ്റിക്ക് അധികാരമുണ്ട്. മതിയായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉത്സവനടത്തിപ്പും നിരോധിക്കാം. അതിനാൽ ഏറെ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടവും വനംവകുപ്പും ഈ നടപടികളെ കാണുന്നത്. ഒരു മാസത്തേക്ക് രജിസ്ട്രേഷൻ കാലാവധി നീട്ടിയിട്ടുണ്ട്. ഫെബ്രുവരി 20നുള്ളിൽ രജിസ്ട്രേഷൻ നടത്തിയില്ലെങ്കിൽ ഇനി അവസരം ഉണ്ടാകില്ലെന്നാണ് മുന്നറിയിപ്പ്.
ഉത്സവങ്ങൾ സുഗമമായി നടത്താൻ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിക്ക് ഉത്തരവാദിത്തമുണ്ട്. കമ്മിറ്റിയുടെ ചെയർമാൻ ജില്ലാ കളക്ടറും കൺവീനർ അസി.ഫോറസ്റ്റ് ഓഫീസറുമാണ്. ആനചികിത്സാ വിദഗ്ദ്ധർ, ആനത്തൊഴിലാളി പ്രതിനിധികൾ തുടങ്ങിയവർ അടങ്ങുന്നതാണ് മോണിറ്ററിംഗ് കമ്മിറ്റി. ആന എഴുന്നള്ളിപ്പ് സംബന്ധിച്ച നിയമം നടപ്പാക്കുന്നത് വനംവകുപ്പാണ്. അതുകൊണ്ടു തന്നെ മോണിറ്ററിംഗ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ വനംവകുപ്പ് വഴിയാണ് രജിസ്ട്രേഷൻ നടപടികൾ നടക്കുന്നത്.

ജില്ലയിൽ രജിസ്റ്റർ ചെയ്ത ഉത്സവങ്ങൾ: 722

ചെയ്യാനുളളത്: 500 ലേറെ

മൊത്തം ഉത്സവങ്ങൾ: 1200 -1300 (വ്യക്തമായ കണക്കില്ല)

ഉത്സവങ്ങളുടെ നിയന്ത്രണം

നഷ്ടമാകരുത്
''ഏത് ദിവസമാണ് ഉത്സവങ്ങൾ നടക്കുന്നതെന്നും എവിടെയാണെന്നും അറിയാനും അതിന് അനുസരിച്ച് നടത്തിപ്പ് സുഗമമാക്കാനും രജിസ്ട്രേഷൻ നടത്തുന്നതിലൂടെ കഴിയും. രജിസ്ട്രേഷൻ കൃത്യമായി നടത്തിയില്ലെങ്കിൽ ഉത്സവങ്ങളുടെ നിയന്ത്രണം നഷ്ടമാകുന്ന സ്ഥിതിയുണ്ടാകും. ''

- പി.എം. പ്രഭു, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി തൃശൂർ ഡിവിഷൻ.

മറ്റ് നിർദ്ദേശങ്ങൾ:

• രജിസ്ട്രേഷൻ വേണ്ടത് 2012 ന് മുമ്പ് നടന്നുവന്നിരുന്ന ഉത്സവങ്ങൾക്ക്

• 2012 ന് ശേഷം ആന എഴുന്നളളിപ്പോടെ ഉത്സവം നടത്താൻ അനുമതിയില്ല
• ഉത്സവങ്ങൾക്ക് ഡാർട്ടിംഗ് സംവിധാനം, ബാരിക്കേഡുകൾ, ഇൻഷുറൻസ് വേണം
• ആനകളുടെ കാലുകൾ ചൂടാകാതിരിക്കാൻ പന്തൽ, നനച്ച ചാക്കുകൾ വിരിക്കണം
• പാപ്പാന്മാർ മദ്യപിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ ബ്രീത്ത് അനലൈസർ വേണം
• സുരക്ഷാ പ്രവർത്തനങ്ങൾക്ക് നിയമിക്കേണ്ടത് അംഗീകൃത സ്‌ക്വാഡുകളെ മാത്രം
• സുരക്ഷാ മുൻകരുതലുകൾക്കായി എലിഫന്റ് സ്‌ക്വാഡ് രൂപീകരിക്കണം