തൃശൂർ: കക്ഷി രാഷ്ട്രീയത്തിനായി മുദ്രാവാക്യം വിളിക്കാതെ നമുക്ക് മുന്നിൽ ആപത്തുണ്ടെന്ന് മുന്നറിയിപ്പ് നൽകാനായി സാഹിത്യകാരൻമാർ പ്രതികരിക്കണമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ. കേരള സാഹിത്യ അക്കാഡമിയുടെ 63-ാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും വിശിഷ്ടാംഗത്വവും സമഗ്രസംഭാവനാ പുരസ്‌കാരങ്ങളുടെ സമർപ്പണവും നിർവഹിക്കുകയായിരുന്നു മന്ത്രി.
സാഹിത്യകാരൻമാർ പ്രതികരിച്ചില്ലെങ്കിൽ നശിക്കുന്നത് നാടാണ്. അതുകൊണ്ടാണ് അവരുടെ പ്രതികരണത്തിന് വലിയ വിലകൽപ്പിക്കുന്നത്. നമ്മുടെ സ്വാതന്ത്ര്യം പോലും ചോദ്യം ചെയ്യപ്പെടുന്ന വിധം ആശങ്കകൾ ഉയരുന്ന കാലമാണ്. ഒരു കാലത്ത് ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾക്ക് ജീവൻ നൽകുന്നതിൽ അക്കാലത്തെ സാഹിത്യ സൃഷ്ടികൾ വഹിച്ച പങ്ക് വളരെ വലുതാണ്. ജന്മസിദ്ധമായ കഴിവുളളവരാണ് എഴുത്തുകാർ. അത്തരം കഴിവുളളവർ മൗനം പാലിക്കരുത്.
സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ നിർമ്മിക്കുന്ന കൾച്ചറൽ കോംപ്ലക്‌സുകളുടെ ലക്ഷ്യം സാംസ്‌കാരികമായ പ്രതിരോധമാണ്. കോംപ്ലക്‌സുകളുടെ പണി പലയിടങ്ങളിലായി തുടങ്ങിക്കഴിഞ്ഞു. കൃഷിയെയും സംസ്‌കാരത്തെയും ബന്ധിപ്പിക്കുന്ന കാർഷിക പരിപാടികൾ, മില്ലറ്റ് വില്ലേജ്, ഗദ്ദിക തുടങ്ങിയ പദ്ധതികൾ സാംസ്‌കാരികമായ ഇടപെടലുകളുടെ സൂചകങ്ങളാണ്. സാഹിത്യ അക്കാഡമി മലയാള സാഹിത്യത്തിന്റെ വഴിവിളക്കായി മാറിയിരിക്കയാണ്. തൃശൂർ ചിയ്യാരത്ത് മൂന്നര ഏക്കർ സ്ഥലത്ത് വള്ളത്തോളിൻ്റെ പേരിൽ സാംസ്‌കാരിക സമുച്ചയം പണിയുന്നുണ്ട്. പൗരത്വം, ദേശരക്ഷ രൂപീകരണം എന്ന വിഷയത്തിൽ തൃശൂർ, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ സാഹിത്യ അക്കാഡമി സെമിനാർ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
എം. മുകുന്ദൻ, കെ.ജി. ശങ്കരപ്പിള്ള എന്നിവർ വിശിഷ്ടാംഗത്വവും ഡോ. സ്‌കറിയ സക്കറിയ, ഡോ. ഒ.എം. അനുജൻ, എസ്. രാജശേഖരൻ, മണമ്പൂർ രാജൻബാബു, നളിനി ബേക്കൽ എന്നിവർ സമഗ്രസംഭാവനാ പുരസ്‌കാരവും ഏറ്റുവാങ്ങി. അക്കാഡമി പ്രസിഡന്റ് വൈശാഖൻ അദ്ധ്യക്ഷതനായി. മന്ത്രി വി.എസ്. സുനിൽകുമാർ മുഖ്യാതിഥിയായി. ഇ.പി. രാജഗോപാലൻ വിശിഷ്ടാംഗങ്ങളെയും ഡോ. മ്യൂസ് മേരി ജോർജ് സമഗ്രസംഭാവനാ പുരസ്‌കാര ജേതാക്കളെയും പരിചയപ്പെടുത്തി. സെക്രട്ടറി ഡോ. കെ.പി. മോഹനൻ, ടി.പി. വേണുഗോപാലൻ എന്നിവർ പ്രസംഗിച്ചു.

എഴുത്തും തുല്യനീതിയും എന്ന വിഷയത്തിൽ സെമിനാർ എം. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കെ.ജി. ശങ്കരപ്പിള്ള അദ്ധ്യക്ഷനായി. സാറാ ജോസഫ്, കെ.ഇ.എൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. കെ.പി. മോഹനൻ സ്വാഗതവും ഇ.ഡി ഡേവീസ് നന്ദിയും പറഞ്ഞു.

ഇന്ന് രാവിലെ പത്തിന് എഴുത്തും കാഴ്ചപ്പാടും എന്ന വിഷയത്തിൽ സെമിനാർ കന്നഡ നോവലിസ്റ്റ് എസ്.എൽ.ഭൈരപ്പ ഉദ്ഘാടനം ചെയ്യും.