കയ്പമംഗലം: പൊതുഇടം എന്റേതും എന്ന സന്ദേശമുയർത്തി കയ്പമംഗലത്തും എടത്തിരുത്തിയിലും സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. സ്ത്രീ സുരക്ഷാ അവബോധം വളർത്തുന്നതിന്റെ ഭാഗമായാണ് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സ്ത്രീകൾ രാത്രി പൊതു ഇടങ്ങളിൽ ഒത്തുകൂടിയത്. എടത്തിരുത്തി പഞ്ചായത്തിലെ വിവിധയിടങ്ങളിൽ നിന്ന് നടന്നെത്തിയ സ്ത്രീകൾ ചെന്ത്രാപ്പിന്നി സെന്ററിൽ ഒത്തുചേർന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, ഐ.സി.ഡി.എസ് ഓഫീസർ സലോമി, സി.ഡി.എസ് ചെയർപേഴ്‌സൺ ഐഷാബി മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീന വിശ്വൻ തുടങ്ങിയവർ നേതൃത്വം നൽകി. സ്ത്രീകളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
കയ്പമംഗലത്ത് കൊപ്രക്കളത്ത് നിന്നാരംഭിച്ച രാത്രി നടത്തം കാളമുറിയിൽ സമാപിച്ചു. തുടർന്ന് മെഴുക് തിരി കത്തിച്ച് പ്രതിജ്ഞ ചൊല്ലി. ബ്ലോക്ക് പഞ്ചായത്ത് അംഗം നൂറുൽ ഹുദ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണൻ, പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. സിന്ധു, ലത ഭരതൻ, ഐ.സി.ഡി.എസ് ഓഫീസർ ഓമന, സി.ഡി.എസ് ചെയർപേഴ്‌സൺ മിനി അരയങ്ങാട്ടിൽ എന്നിവർ നേതൃത്വം നൽകി.