മാള: സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ഒരോ വിദ്യാലയത്തിന്റെയും പുരോഗമനത്തിനാവശ്യമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുന്നതിനുമായി എം.എൽ.എ സന്ദർശിക്കുന്നു. കൊടുങ്ങല്ലൂർ മണ്ഡലത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മികവ് 2020 എന്ന പേരിലാണ് സന്ദർശനം നടത്തുന്നതെന്ന് അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജനുവരി 21 മുതൽ 30 വരെയുള്ള തീയതികളിലായി മണ്ഡലത്തിലെ എല്ലാ ഹെസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാലയങ്ങളാണ് സന്ദർശിക്കുന്നത്. ഇതുവരെ മണ്ഡലത്തിൽ 35 കോടി രൂപ വിവിധ പദ്ധതികളായി വിദ്യാഭ്യാസ മേഖലയിൽ അനുവദിക്കുകയും ഭൂരിഭാഗവും പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ വിദ്യാലയ സന്ദർശനവേളയിൽ ഓരോ വിദ്യാലയങ്ങളിലും സംസ്ഥാന തലത്തിൽ പുരസ്കാരങ്ങൾ നേടിയ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അനുമോദിക്കും.
കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും പുരസ്കാരം നൽകി അനുമോദിക്കും. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ ബിജു ഉറുമീസ് എന്നിവരും പങ്കെടുത്തു.