തൃശൂർ: വാഹനപ്പെരുപ്പവും സ്ഥലദൗർലഭ്യവും മൂലം വട്ടം കറങ്ങുന്ന നഗരത്തിന് ഇനി പുതിയ മുഖം തുന്നിചേർക്കാൻ ഒരുക്കം. നഗരഗതാഗത മേഖലയിലെ ഏറ്റവും വലിയ പ്രശ്‌നമായ പാർക്കിംഗ് പരിഹരിക്കാൻ കോർപറേഷനും നഗരഗ്രാമാസൂത്രണ വകുപ്പും ചേർന്നാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. പ്രാരംഭ സർവേ നടത്തി തെരഞ്ഞെടുത്ത 16 പ്രധാന കേന്ദ്രങ്ങളിലെ പാർക്കിംഗ് ആവശ്യകതയും ലഭ്യതയും, കെട്ടിടങ്ങളിലെ പാർക്കിംഗ് ഉപയോഗത്തിന്റെ തോത്, ചോദ്യോത്തര സർവ്വേ എന്നീ പഠനങ്ങൾ പൂർത്തിയാക്കിയും ചർച്ച നടത്തിയുമാണ് കരട പാർക്കിംഗ് നയം രൂപീകരിച്ചിരിക്കുന്നത്.
അവലോകന യോഗം മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മേയർ അജിത വിജയൻ അദ്ധ്യക്ഷയായി. ഡെപ്യൂട്ടി ടൗൺ പ്ലാനർ ജീവ ലിസ സേവ്യർ പദ്ധതി അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ റാഫി പി. ജോസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേൽ, നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സി.പി. ഗീത, സിവിൽ സ്റ്റേഷൻ ഡിവിഷൻ കൗൺസിലർ എ. പ്രസാദ്, ഡി.പി.സി അംഗം വർഗീസ് കണ്ടംകുളത്തി, ടൗൺ പ്ലാനിംഗ് ഓഫീസർ രാജീവൻ എന്നിവർ പങ്കെടുത്തു.
സോണുകളായി തരം തിരിച്ച് പദ്ധതി നഗരത്തെ മൂന്നു സോണുകളായി തിരിച്ചാണ് പാർക്കിംഗ് മാനേജ്‌മെന്റ് നടപ്പാക്കുക. ലഭ്യമായ പൊതുസ്വകാര്യസ്ഥലങ്ങളുടെ കാര്യക്ഷമമായ ഉപയോഗം, സ്വകാര്യവാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായുള്ള ട്രാഫിക് മാനേജ്‌മെന്റ് നയങ്ങൾ, സുസ്ഥിരമായ ഗതാഗത രീതികൾക്ക് മുൻഗണന, പഴയകാല നഗരപ്രദേശത്തെ പാർക്കിംഗ് മാനേജ്‌മെന്റ് നയങ്ങൾ, സാങ്കേതികമായ പാർക്കിംഗ് സമ്പ്രദായങ്ങൾ, നഗരസഞ്ചയത്തിനായുള്ള കാര്യക്ഷമമായ ഭൂവിനിയോഗം വിഭാവനം ചെയ്യുക, പാർക്കിംഗ് സ്ഥലങ്ങളുടെ ഡിസൈനും മാനേജ്‌മെന്റും എന്നിവയിലൂന്നിയാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.
പരിഷ്കാരങ്ങൾ ഇപ്രകാരം
ശക്തൻ ബസ് സ്റ്റാൻഡ്, അശ്വിനി ഹോസ്പിറ്റൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തും
പുഴയ്ക്കൽ,മണ്ണുത്തി, ഒല്ലൂർ എന്നിവിടങ്ങളിൽ വിഭാവനം ചെയ്തിട്ടുള്ള ടെർമിനലുകളോട് ചേർന്ന് പാർക്കിംഗ് ഒരുക്കി നഗരകേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് സിറ്റി ബസ് സർവീസ് നടപ്പാക്കും.
ശക്തൻ സ്റ്റാൻഡിനോട് ചേർന്ന് പാർക്കിംഗ് പ്ലാസ, ഷോപ്പിംഗ് മാൾ, കൺവെൻഷൻ സെന്റർ, മുനിസിപ്പൽ ഓഫീസ് കോംപ്ലക്‌സ് എന്നിവ നിർമ്മിക്കും. വാണിജ്യമേഖല കുറഞ്ഞ ഇടങ്ങളിൽ വാലറ്റ് പാർക്കിംഗും ഏർപ്പെടുത്തും
സോഷ്യൽ മീഡിയ, ഏജൻസികൾ എന്നിവ വഴി വാഹനങ്ങൾ ഷെയർ ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ കാർ പൂളിംഗ് വഴി നടപ്പാക്കും
പൊതുഗതാഗതം ഉപയോഗിക്കുന്നതിന് സബ്‌സിഡിയുള്ള പാസുകൾ ഏർപ്പെടുത്തും
എം.ഒ റോഡ്, പി.ഒ റോഡ്, ഹൈറോഡ്, അരിയങ്ങാടി എന്നിവയോട് ചേർന്ന് കിടക്കുന്ന പഴയ പ്രദേശത്തെ പഴയകാല പ്രൗഡിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതികൾ രൂപീകരിക്കും
കൃത്യമായ രീതിയിൽ റോഡരികിൽ പാർക്കിംഗ് മാനേജ്‌മെന്റ് ഏർപ്പെടുത്തുന്നതോടെ ജംഗ്ഷൻ, സീബ്രാ ലൈൻ, ബസ് സ്റ്റോപ്പ്, ഫയർ സ്റ്റേഷൻ, ആശുപത്രി, ഭിന്നശേഷിക്കാർക്കായി ലഭ്യമാക്കിയ പാർക്കിംഗ് ഇടങ്ങൾ എന്നിവിടങ്ങളിൽ നിശ്ചിത ദൂരം അകലമിട്ട് പാർക്കിംഗ് അനുവദിക്കും
പ്രാന്തപ്രദേശങ്ങളിലേക്ക് ഷട്ടിൽ സർവീസുകൾ, പാർക്കിംഗ് നയം, പൊതുഗതാഗത സംവിധാനം, കാർ ഫ്രീ ഡെ, വെഹിക്കിൾ ഫ്രീ സോൺ എന്നിവയെ കുറിച്ച് ബോധവത്കരണ പരിപാടികൾ, പൊതുഅഭിപ്രായ ജനസർവ്വേ എന്നിവ നടത്തും
പാർക്കിംഗ് മീറ്റർ, സെൻസർ, ഈസി പേയ്‌മെന്റ് മോഡ് എന്നിവ സ്ഥാപിക്കുന്നതോടെ പാർക്കിംഗ് ഫീ അനായാസമാക്കും
ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൈതൃകകേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് അനുയോജ്യമായ രീതിയിൽ പാർക്കിംഗ് സംവിധാനം ഉറപ്പു വരുത്തും.
പ്രതീക്ഷകൾ
ഷെയേർഡ് പാർക്കിംഗിലൂടെ പാർക്കിംഗ് സ്‌പേസുകളുടെ ഉപയോഗം വർദ്ധിപ്പിക്കാം
ജോലി സ്ഥലങ്ങൾക്കടുത്ത് പാർക്ക് ചെയ്യുന്നതിന് നികുതി ഏർപ്പെടുത്തുന്നതോടെ നഗരത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ എണ്ണം കുറക്കാം
ഓൺലൈൻ, ഹോം ഡെലിവറി ഷോപ്പിംഗ് പ്രോത്സാഹിപ്പിക്കുന്നതു വഴി സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും സാധിക്കും
ചരക്ക് നീക്കത്തിന് ചെറുവാഹനങ്ങൾ നിശ്ചിത സമയങ്ങളിൽ മാത്രം അനുവദിക്കുന്നതോടെ തിരക്ക് നിയന്ത്രിക്കാം
സമയക്രമീകരണത്തിലൂടെ ചരക്ക് വാഹനങ്ങളുടെ പാർക്കിംഗ് മൂലമുള്ള തിരക്ക് എം.ഒ റോഡ്, ഹൈറോഡ് എന്നിവിടങ്ങളിൽ നിയന്ത്രിതമാകും
ഒല്ലൂക്കര, പുഴയ്ക്കൽ, ഒല്ലൂർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ട്രക്ക് ടെർമിനലുകൾ നിർദ്ദേശിച്ചിരിക്കുന്നു
മാസ്റ്റർ പ്ലാനിൽ നിർദ്ദേശിച്ചിട്ടുള്ള ഔട്ടർ റിംഗ് റോഡ്, പുഴയ്ക്കൽ, മണ്ണുത്തി, ഒല്ലൂർ, കൂർക്കഞ്ചേരി എന്നിവയെ ബന്ധിപ്പിച്ചുള്ള റേഡിയൽ റോഡ് എന്നിവ ഉപയോഗിച്ചു കൊണ്ട് ഈ കേന്ദ്രങ്ങളെയും നഗരകേന്ദ്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ബസ് റാപിഡ് ട്രാൻസിറ്റ് സിസ്റ്റം വികസിപ്പിക്കാം