ചാവക്കാട്: മത്സ്യ ബന്ധനത്തിനിടെ റോപ്പ് കാലിൽ കുടുങ്ങി മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു. ബി.എച്ച് നമ്മൾ മുന്നോട്ട് വള്ളത്തിലെ തൊഴിലാളി എടക്കഴിയൂർ പഞ്ചവടി കുഞ്ഞീരകത്ത് മുസ്തഫക്കാണ് (40) പരിക്കേറ്റത്. റോപ്പ് കാലിൽ കുടുങ്ങിയതിനെ തുടർന്ന് എടമുട്ടം കുഴിമ്പ്രം പടിഞ്ഞാറ് ഭാഗത്ത് വച്ച് മുസ്തഫ കടലിലേക്ക് തെറിച്ചു വീണു. അടുത്തുണ്ടായിരുന്ന ചെറിയ കേരിയർ വഞ്ചിയിലെ തിരുവത്ര പുത്തൻ കടപ്പുറം സ്വദേശിയായ പുതുവീട്ടിൽ ഹംസ കടലിൽ ചാടിയാണ് മുസ്തഫയെ രക്ഷപ്പെടുത്തിയത്. തുടർന്ന് വലപ്പാട് ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ ഇല്ലാത്തതിനാൽ ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ പുലർച്ചെ കടപ്പുറം പഞ്ചായത്ത് മുനക്കക്കടവിൽ നിന്നാണ് സംഘം മത്സ്യ ബന്ധനത്തിനായി പോയത്. അപകടത്തിൽ മുസ്തഫയുടെ ഇടതുകാലിന്റെ എല്ലുകൾ ഒടിഞ്ഞതിനാൽ അടിയന്തിര ഓപറേഷന് വിധേയമാക്കി.