തൃശൂർ: നാട്ടിക ബീച്ച് ഫെസ്റ്റിവലിൽ കൂറ്റൻ പട്ടങ്ങളുടെ പ്രദർശനം നാളെ ഉച്ചയ്ക്കുശേഷം രാത്രി ഏഴുവരെ നടക്കും. ലോക പട്ടം പറത്തൽ മത്സരത്തിൽ വിജയിച്ച 45 മീറ്റർ വ്യാസമുള്ള ഇറ്റാലിയൻ പരമ്പരാഗത പട്ടമായ സർക്കിൾ പട്ടം പ്രദർശനത്തിലുണ്ടാകും. ദുബായ് രാജ്യാന്തര പട്ടം പറത്തൽ മത്സരത്തിൽ സമ്മാനം ലഭിച്ച പറക്കുംതളികയുടെ രൂപത്തിലുള്ള 25 മീറ്റർ വ്യാസമുള്ള ഇന്ത്യൻ പരമ്പരാഗത പട്ടം, താറാവ്, കുതിര, ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മവാർഷികം ആലേഖനം ചെയ്ത പട്ടം, ഇന്ത്യൻ പതാകയുടെ രൂപത്തിലുള്ള പട്ടം തുടങ്ങി പതിനഞ്ചോളം വലിയ പട്ടങ്ങൾ പ്രദർശനത്തിലുണ്ടാകും. സ്ത്രീകൾക്കും കുട്ടികൾക്കും പട്ടംപറത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വൺ ഇന്ത്യ കൈറ്റ് ടീമും കേരള കൈറ്റ് ടീമുമാണ് പ്രദർശനത്തിനു നേതൃത്വം നൽകുന്നത്. നാട്ടിക ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നു സംഘാടക സമിതി ഭാരവാഹികളായ കണ്ണൻ എൻ. പ്രഭാവതി, അബ്ദുള്ള മാളിയേക്കൽ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.