സാംസ്‌കാരിക പൊതു ഇടങ്ങൾ തിരിച്ചു കൊണ്ടുവരണം: മന്ത്രി എ.കെ. ബാലൻ


തൃശൂർ: സമകാലിക ലോക നാടകവേദിയുടെ സ്പന്ദനം തൊട്ടറിയുന്ന പന്ത്രണ്ടാം രാജ്യാന്തര നാടകോത്സവം ഇറ്റ്‌ഫോക്കിന് കേരള സംഗീത നാടക അക്കാഡമിയിൽ തുടക്കം. മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്തു. നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന സാംസ്‌കാരിക പൊതു ഇടങ്ങൾ തിരിച്ചുകൊണ്ടുവരാൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു. ഗ്രാമീണ തിയറ്ററുകളും സർക്കാർ സ്ഥാപിക്കുകയാണ്. പുതിയ പരീക്ഷണങ്ങളിലൂടെ നാടകത്തെ നല്ല രീതിയിൽ തിരിച്ചുകൊണ്ടുവന്ന് ജനങ്ങളിലെത്തിക്കാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി അക്കാഡമി അങ്കണത്തിൽ മന്ത്രി പതാക ഉയർത്തി.
നാടകോത്സവത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അമ്മന്നൂർ മാധവ ചാക്യാർ പുരസ്‌കാരം മുതിർന്ന നാടക നിരൂപക ശാന്തഗോഖലേക്കു മന്ത്രി സമ്മാനിച്ചു. അക്കാഡമി ചെയർപേഴ്‌സൺ കെ.പി.എ.സി ലളിത അദ്ധ്യക്ഷയായി. ഫെസ്റ്റിവൽ പുസ്തകത്തിന്റെ പ്രകാശനം കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖനും ഫെസ്റ്റിവൽ ബുള്ളറ്റിന്റെ പ്രകാശനം സാഹിത്യ അക്കാഡമി സെക്രട്ടറി കെ.പി. മോഹനനും നിർവഹിച്ചു.
ഫെസ്റ്റിവൽ ഡയറക്ടർ അമിതേഷ് ഗ്രോവർ ആമുഖ പ്രഭാഷണം നടത്തി. സംഗീത നാടക അക്കാഡമി നിർവാഹക സമിതി അംഗം ഫ്രാൻസിസ് ടി. മാവേലിക്കര, ജനറൽ കൗൺസിൽ അംഗം ശ്രീജ ആറങ്ങോട്ടുകര, സ്‌കൂൾ ഓഫ് ഡ്രാമ വകുപ്പ് മേധാവി ശ്രീജിത്ത് രമണൻ എന്നിവർ സംബന്ധിച്ചു. സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ സ്വാഗതവും അക്കാഡമി വെസ് ചെയർമാൻ സേവ്യർ പുൽപാട് നന്ദിയും പറഞ്ഞു.
ബ്രസീലിലെ കംപാനിയ മുൻഗുസ തിയേറ്ററിന്റെ 'സിൽവർ എപിഡെമിക്' ഉദ്ഘാടന നാടകമായി അരങ്ങേറി. ഉദ്ഘാടന സമ്മേളനത്തിന് നാന്ദികുറിച്ച് അക്കാഡമി മുറ്റത്ത് കലാമണ്ഡലം ഉണ്ണിക്കൃഷ്ണനും സംഘവും സപ്ത മദ്ദള കച്ചേരി അവതരിപ്പിച്ചു. 'ഇമാജിനിങ് കമ്മ്യൂണിറ്റീസ്' എന്നതാണ് ഇത്തവണത്തെ ഇറ്റ്‌ഫോക്കിന്റെ പ്രമേയം. 29 വരെ പത്തുദിവസങ്ങളിലായി നടക്കുന്ന ഇറ്റ്‌ഫോക്2020 ൽ 19 നാടകങ്ങളാണ് അരങ്ങേറുന്നത്.