പട്ടിക്കാട്: പ്രസിദ്ധമായ ചെമ്പൂത്തറ കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകരചൊവ്വാ മഹോത്സവം ഇന്ന്. പ്രദേശത്തെ 45 ദേശങ്ങളിൽ നിന്നും കേരളത്തിലെ തലയെടുപ്പുള്ള 44 ഗജവീരന്മാരെ അണിനിരത്തി കിഴക്കൂട്ട് അനിയൻമാരുടെ നേതൃത്വത്തിൽ നൂറിൽപരം വാദ്യകലാകാരന്മാരെ അണിനിരത്തി പാണ്ടിമേളത്തിന്റെ അകമ്പടിയിൽ ചെണ്ടയിൽ താള വിസ്മയം തീർക്കുന്ന പ്രസിദ്ധമായ കൂട്ടി എഴുന്നള്ളിപ്പ് നടക്കും.
മറ്റു വർഷങ്ങളിലെ കൂട്ടിയെഴുന്നളിപ്പിലെ സമയക്രമത്തിൽ നിന്നും മാറി ഈ വർഷം ദേശങ്ങളിൽ നിന്നും പൂരം പുറപ്പാട് നാലിന് ആരംഭിച്ച് വൈകീട്ട് ആറോടെ ക്ഷേത്രത്തിലെത്തുകയും, തുടർന്ന് 7 മുതൽ 8.30 വരെ കൂട്ടിയെഴുന്നള്ളിപ്പും നടക്കും. ഈ വർഷം ഭഗവതിയുടെ തിടമ്പ് ഏറ്റുന്നത് തെക്കുംപാടം ദേശക്കാരുടെ ഗജവീരൻ മംഗലാംകുന്ന് അയ്യപ്പനാണ്. പിറ്റേന്ന് 22ന് പുലർച്ചെ രണ്ട് മുതൽ വിവിധ ദേശങ്ങളിൽ നിന്നും ആരംഭിക്കുന്ന പൂരം എഴുന്നള്ളിപ്പ് ക്ഷേത്രത്തിൻ എത്തി 6 മുതൽ 8.30 വരെ കൂട്ടിയെഴുന്നള്ളിപ്പ് നടക്കുക. പിന്നീട് ആറാട്ടും മറ്റു ചടങ്ങുകൾക്ക് ശേഷം രാവിലെ 11ന് പ്രസിദ്ധമായ ചെമ്പൂത്തറ കൊടുങ്ങല്ലുർ ക്കാവ് ഭഗതി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവ ചടങ്ങളുടെ കൊടിയിറക്കും.