ചാലക്കുടി: കെട്ടിട നിർമ്മാണത്തിലെ അനുമതി സംബന്ധിച്ച് ഹൈക്കോടതി വിധി നടപ്പാക്കുന്ന പ്രശ്‌നത്തെച്ചൊല്ലി നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണപ്രതിപക്ഷ തർക്കം. സ്വകാര്യ വ്യക്തിയുടെ കെട്ടിട നിർമ്മാണത്തിന് അനുമതി നിഷേധിച്ച കേസിൽ മൂന്നുമാസത്തിനകം തീർപ്പുണ്ടാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം പാലിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, ഷിബുവാലപ്പൻ തുടങ്ങിയവരാണ് ആവശ്യം ഉന്നയിച്ചത്. എന്നാൽ ഈ കേസിൽ ഉടൻ തീരുമാനമെടുക്കുന്നത് ഉചിതമല്ലെന്ന് വൈസ് ചെയർമാൻ പറഞ്ഞു. സമാനമായ പല കേസുകളേയും പ്രസ്തുത തീരുമാനം ബാധിക്കുമെന്ന് വൈസ് ചെയർമാൻ ചൂണ്ടിക്കാട്ടി. മറ്റു ഭരണപക്ഷ അംഗങ്ങളും ഇതേ നിലപാടിലായിരുന്നു. ഏറെ നേരം നടന്ന ചർച്ചക്കുശേഷം പ്രതിപക്ഷം തങ്ങളുടെ വിയോജനക്കുറിപ്പും രേഖപ്പെടുത്തി.