തിരഞ്ഞെടുത്തത് സാമൂഹിക മാദ്ധ്യമങ്ങളിലെ അഭിപ്രായവോട്ടെടുപ്പിലൂടെ
തൃശൂർ: തൃശൂർ കോർപറേഷൻ രൂപീകരിച്ച് ഇരുപത് വർഷം പിന്നിടുമ്പോൾ കേരളകൗമുദി റീഡേഴ്‌സ് ക്‌ളബ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായവോട്ടെടുപ്പിൽ മികച്ച കോർപറേഷൻ മേയറായി കോൺഗ്രസിലെ രാജൻ ജെ. പല്ലനെ തിരഞ്ഞടുത്തു.
2000 മുതൽ 2020 വരെ തൃശൂരിന്റെ സമഗ്ര വികസനത്തിന് സംഭാവനകൾ ചെയ്ത ഏഴ് പേരിൽ നിന്നാണ് മികച്ച മേയറെ തിരഞ്ഞെടുത്തത്.
ദിവാൻജിമൂല മേൽപ്പാലത്തിന് റെയിൽവേയുടെ അനുമതി നേടിയെടുത്തതും ഫണ്ട് കെട്ടി വെച്ച് നിർമ്മാണത്തിന് ആരംഭം കുറിച്ചതും രാജൻ പല്ലൻ്റെ പ്രധാന ഭരണനേട്ടമാണെന്ന് അഭിപ്രായവോട്ടെടുപ്പിൽ പങ്കെടുത്തവർ വിലയിരുത്തി.
2014-2015 കാലഘട്ടത്തിൽ ഒരു വർഷവും ഒമ്പത് മാസവും മാത്രമായിരുന്നു അദ്ദേഹത്തിൻ്റെ ഭരണം.
മറ്റ് നേട്ടങ്ങൾ:
പട്ടാളം റോഡിലെ കുപ്പിക്കഴുത്ത് ഒഴിവാക്കി വികസിപ്പിക്കുന്നതിന് കേന്ദ്രസർക്കാരിലെ ഉന്നതഉദ്യോഗസ്ഥരുമായി ഇടപെട്ട് പോസ്റ്റ് ഓഫീസ് മാറ്റാൻ തീരുമാനിച്ചു. കിഴക്കെക്കോട്ട, പൂങ്കുന്നം, നടുവിലാൽ, കൂർക്കഞ്ചേരി, പടിഞ്ഞാറേക്കോട്ട ജംഗ്ഷനുകളിൽ കോർപറേഷനുകളുടെ സ്ഥലം വീണ്ടെടുത്ത് വികസനപ്രവർത്തനങ്ങൾ നടത്തി.
ഭാരവാഹിത്വം:
യൂത്ത് കോൺഗ്രസ് ഈസ്റ്റ് മണ്ഡലം സെക്രട്ടറി,
തൃശൂർ ബ്‌ളോക്ക് ജനറൽ സെക്രട്ടറി
തൃശൂർ നിയോജകമണ്ഡലം പ്രസിഡന്റ്
ഡി.സി.സി. അംഗം
ഡി.സി.സി. ജനറൽ സെക്രട്ടറി.
............................................................................................................
ഇരുപത് വർഷമായി കോർപറേഷൻ കൗൺസിലർ.
2000 ൽ ഗാന്ധിനഗർ ഡിവിഷനിൽ നിന്ന് ആദ്യജയം.
2005 ൽ ചെമ്പൂക്കാവ്, 2010ൽ ഗാന്ധിനഗർ, 2015 ൽ പളളിക്കുളം ഡിവിഷനുകളിലും ജയിച്ചു.
എല്ലാ ഡിവിഷനുകളിൽ നിന്നും ആയിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം.
ജീവിതരേഖ:
സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജരായ വിരമിച്ച പരേതനായ ജോസ് പല്ലന്റെയും തങ്കമ്മയുടെയും മകൻ.
ഭാര്യ: മറിയാമ്മ കല്ലൂക്കാരൻ. മക്കൾ: മെറിൻ, മെർളിൻ.
മരുമക്കൾ: കുറ്റിക്കാട്ട് വിനോദ് ജോയ്, ചിറമ്മൽ കാരാത്ത് റാഫിൻ ആന്റോ.
പഠനം:
മിഷൻ ക്വാർട്ടേഴ്‌സ് സെന്റ് ജോസഫ് സ്‌കൂൾ, തോപ്പ് സ്‌കൂൾ, സെന്റ് ഇഗ്‌നേഷ്യസ് ഹൈസ്‌കൂൾ കാഞ്ഞിരമറ്റം, സെന്റ് തോമസ് സ്‌കൂൾ, കാൽഡിയൻ സിറിയൻ കോളേജ്, ഈസ്റ്റ് ഫോർട്ട് തൃശൂർ.