തൃശൂർ: സ്വന്തമായി നാടില്ലാതാവുന്ന മനുഷ്യർ വർദ്ധിക്കുന്ന കാലത്തെ കുറിച്ചുള്ള നാടകവുമായി ഇംഗ്ലണ്ടിൽ നിന്നും ഫ്യുവൽ പ്രൊഡക്‌ഷൻ ലിമിറ്റഡ് നാടക സംഘം ഇറ്റ്‌ഫോക്കിൽ എത്തി. 'ആൻ ഈവനിംഗ് വിത്ത് ഇമ്മിഗ്രന്റ്' എന്ന ഒന്നര മണിക്കൂർ നീളുന്ന ഏകാംഗ പ്രകടനം മുസ്‌ലിം ക്രിസ്ത്യൻ ദമ്പതികൾക്ക് ജനിച്ച് നൈജീരിയ, ഇംഗ്ലണ്ട്, അയർലൻഡ് എന്നിവിടങ്ങളിലെ ജീവിതത്തിനു ശേഷം ലണ്ടനിൽ എഴുത്തുകാരനായും ഗ്രാഫിക് ഡിസൈനറായും ജോലി ചെയ്യുന്ന ഇനുവ എല്ലംസ് എന്നയാളുടെ ജീവിതാനുഭവങ്ങളും പ്രശ്‌നങ്ങളുമാണ് പങ്കുവയ്ക്കുന്നത്. ഇന്ന് രണ്ടു മണിക്ക് ബ്ലാക് ബോക്‌സ് തിയറ്ററിലാണ് അവതരണം.
നാടകാവതരണങ്ങളിലൂടെ സമൂഹത്തിൽ പ്രകടമായ മാറ്റങ്ങൾ കൊണ്ടു വരാൻ ശ്രമിക്കുന്ന ഫ്യുവൽ പ്രൊഡക്‌ഷൻസ് ഭയത്തെക്കുറിച്ചുള്ള തിരിച്ചറിവും വരുംകാല ഭാവിയെക്കുറിച്ചുള്ള ചിന്തകളും പ്രേക്ഷകരിൽ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നു. ആസ്‌ട്രേലിയ, നോർത്ത് അമേരിക്ക, ന്യൂസിലാൻഡ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ നാടക പര്യടനത്തിനു ശേഷമാണ് ഇവർ എത്തുന്നത്. നൈജീരിയയിൽ ജനിച്ച ഇനുവ എല്ലംസ് തന്നെയാണ് നാടകത്തിന്റെ സംവിധാനവും അവതരണവും.
കുടിയേറ്റക്കാരുടെ തിക്ത ജീവിതാനുഭവങ്ങൾ പറയുന്ന നാടകം സംവിധായകന്റെ ജീവിതം തന്നെയാണെന്ന് അടിവരയിടുന്നുണ്ട്. രാജ്യമില്ലാത്തവരുടെ നിലനിൽപ്പിനായുള്ള പങ്കപ്പാടുകളും മതമൗലികവാദികളുടെ പീഡനവും ജീവിക്കാൻ നടത്തുന്ന രക്ഷപ്പെടലുകളും ചർച്ച ചെയ്യുന്ന നാടകം പരിഹാസത്തിലൂടെയും കഥയിലൂടെയും കവിതകളിലൂടെയും നാട് നഷ്ട്ടപ്പെട്ടവരുടെ വേദനകളാണ് ആവിഷ്‌കരിക്കുന്നത്.