തൃശൂർ: കേരളത്തിന് 2000 മെഗാ വാട്ട് വൈദ്യുതി കൂടി കേന്ദ്ര പൂളിൽ നിന്ന് ലഭിക്കാനുള്ള എച്ച്.വി.ഡി.സി ലൈൻ കമ്മിഷനിംഗിന് മുന്നോടിയായുള്ള ട്രയൽ റൺ നടത്തുന്നതിനാൽ ജനുവരി 28, 29 തീയതികളിൽ കുതിരാനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.
ജനുവരി 28, 29 തീയതികളിൽ എറണാകുളം ജില്ലയിൽ നിന്നും തൃശൂരിൽ നിന്നും കുതിരാൻ വഴി കടന്നു പോകേണ്ട മൾട്ടി ആക്‌സിൽ ട്രെയിലറുകൾ, ഫ്യൂവൽ ബുള്ളറ്റുകൾ, പത്തോ അതിൽ കൂടുതലോ ചക്രങ്ങൾ ഉളള വാഹനങ്ങൾ, 12 ടണ്ണിൽ അധികമുളള ഹെവി വാഹനങ്ങൾ എന്നിവ രാവിലെ അഞ്ച് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ അധികൃതർ തടയും. അഞ്ച് മണിക്ക് ശേഷം ഈ വാഹനങ്ങൾക്ക് ഇത് വഴി യാത്ര അനുവദിക്കും.
സ്വകാര്യ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ രാവിലെ അഞ്ച് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ മണ്ണുത്തി, വടക്കാഞ്ചേരി, ചേലക്കര, പഴയന്നൂർ റൂട്ടിൽ വഴി തിരിച്ചു വിടും. പാസഞ്ചർ വാഹനങ്ങൾ, ട്രാൻസ്‌പോർട്ട് ബസുകൾ, അടിയന്തര സർക്കാർ വാഹനങ്ങൾ എന്നിവ കുതിരാൻ വഴി തന്നെ യാത്ര ചെയ്യുന്നതിന് സൗകര്യം ക്രമീകരിക്കും.
യാത്രകൾ ഈ തീയതികളിൽ കഴിയുന്നതും ഒഴിവാക്കാൻ കളക്ടർ അഭ്യർത്ഥിച്ചു. യാത്രക്കാർക്ക് സുരക്ഷയും സഹായങ്ങളും കുതിരാൻ ഭാഗത്ത് ഏർപ്പെടുത്തുന്നുണ്ട്. അധിക വിവരങ്ങൾക്ക്: 8547614417 (വില്ലേജ് ഓഫീസർ, പീച്ചി), 8547614415 (വില്ലേജ് ഓഫീസർ, പാണഞ്ചേരി)
1.2 കിലോമിറ്റർ ഭൂഗർഭ കേബിൾ
പുഗളൂർ- തൃശൂർ എച്ച്.വി.ഡി.സി ലൈൻ കമ്മിഷൻ ചെയ്യാൻ 1.2 കിലോമിറ്റർ ഭൂഗർഭ കേബിൾ കൂടി സ്ഥാപിക്കേണ്ടതിന്റെ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. 4500 കോടി രൂപ ചെലവിൽ കമ്മിഷൻ ചെയ്യേണ്ടുന്ന എച്ച്.വി.ഡി.സി ലിങ്കിന്റെ ഭാഗമായുള്ള സ്റ്റേഷൻ തൃശൂർ മാടക്കത്തറയിൽ തയ്യാറായി കഴിഞ്ഞു. 19000 കോടി രൂപ ചെലവിട്ട് പൂർത്തിയായ എച്ച്.വി.ഡി.സി സംവിധാനം ഉത്തരകേരളത്തിലെ സായാഹ്ന വോൾട്ടേജ് ക്ഷാമം പരിഹരിക്കാനുളള പദ്ധതിയാണ്.