തൃശൂർ: കേരള സാഹിത്യ അക്കാഡമിയുടെ 2018-ലെ പുരസ്‌കാര ജേതാക്കൾക്കുള്ള അവാർഡുകളും എൻഡോവ്മെൻ്റുകളും സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ സമ്മാനിച്ചു. 63-ാം വാർഷികാഘോഷങ്ങൾക്കും സമാപനമായി.
വി.എം. ഗിരിജ (കവിത), കെ.വി. മോഹൻകുമാർ (നോവൽ), കെ. രേഖ (കഥ), രാജ്‌മോഹൻ നീലേശ്വരം (നാടകം), പി.പി. രവീന്ദ്രൻ (സാഹിത്യവിമർശനം), ഡോ. കെ. ബാബു ജോസഫ് (വൈജ്ഞാനിക സാഹിത്യം), പി.പി.കെ. പൊതുവാൾ (വിവർത്തനം), എസ്.ആർ. ലാൽ (ബാലസാഹിത്യം), വി.കെ.കെ. രമേഷ് (ഹാസസാഹിത്യം) എന്നിവർ പുരസ്‌കാരങ്ങളും ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ (ഐ.സി. ചാക്കോ അവാർഡ്), ഡോ. സി.ആർ. സുഭദ്ര (കെ.ആർ. നമ്പൂതിരി അവാർഡ്), ഡോ. കെ.എം. അനിൽ (കുറ്റിപ്പുഴ അവാർഡ്), അശോകൻ മറയൂർ, വിമീഷ് മണിയൂർ (കനകശ്രീ അവാർഡ്), അജിജേഷ് പച്ചാട്ട് (ഗീതാഹിരണ്യൻ അവാർഡ്), ഡോ. ടി.ആർ. രാഘവൻ (ജി.എൻ. പിള്ള അവാർഡ്), ജയകൃഷ്ണൻ (സി.ബി. കുമാർ പുരസ്‌കാരം നേടിയ എതിരൻ കതിരവനുവേണ്ടി) എന്നിവർ എൻഡോവ്‌മെന്റുകളും ഡോ. സ്വപ്ന സി. കോമ്പാത്ത് തുഞ്ചൻ സ്മാരക പ്രബന്ധ മത്സര പുരസ്‌കാരവും ഏറ്റുവാങ്ങി.
സാഹിത്യ അക്കാഡമി നിർവാഹക സമിതിയംഗം ഇ.പി. രാജഗോപാലൻ അദ്ധ്യക്ഷനായിരുന്നു. ടി.ഡി. രാമകൃഷ്ണൻ പുരസ്‌കാര ജേതാക്കളെയും രാവുണ്ണി എൻഡോവ്‌മെന്റ് ജേതാക്കളെയും പരിചയപ്പെടുത്തി. സെക്രട്ടറി ഡോ. കെ.പി. മോഹനൻ സ്വാഗതവും അക്കാഡമി ലൈബ്രേറിയൻ കെ. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
'എഴുത്തും കാഴ്ചപ്പാടും' സെമിനാറിൽ കന്നഡ നോവലിസ്റ്റ് എസ്.എൽ. ഭൈരപ്പ വിശിഷ്ടാതിഥിയായിരുന്നു. പ്രൊഫ. എം.എം. നാരായണൻ മോഡറേറ്ററായി. എസ്.എൽ. ഭൈരപ്പയുടെ പർവ്വ എന്ന നോവലിന്റെ മലയാള പരിഭാഷയായ പർവ്വത്തിന്റെ പ്രകാശനം സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ അക്കാഡമി ജനറൽ കൗൺസിൽ അംഗം വി.എസ്. ബിന്ദുവിന് നൽകി നിർവഹിച്ചു.