പുതുക്കാട: പാലിയേക്കര ടോളിൽ ഫാസ് ടാഗ് നടപ്പിലാക്കുമ്പോൾ തദ്ദേശവാസികൾക്ക് ലഭിക്കേണ്ട സൗജന്യ വിഷയത്തിൽ തീരുമാനം എടുക്കാത്തതിൽ പ്രതിഷേധിച്ച് 23ന് നടക്കുന്ന ജനകീയ പണിമുടക്കിലേക്ക് തദ്ദേശവാസികളെ തള്ളിവിട്ടത് സംസ്ഥാന സർക്കാരാണെന്ന് യു.ഡി.എഫ്‌ നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പ്രാദേശിക വാസികൾക്ക് 2012 മുതൽ സ്മാർട്ട് കാർഡുകൾ അനുവദിച്ച് ആയതിന്റെ പ്രതിമാസ സംഖ്യയായ 150 രൂപ സംസ്ഥാന സർക്കാരാണ് നൽകി വന്നിരുന്നത്. 2018 ഏപ്രിൽ മുതൽ സ്മാർട്ട് കാർഡുകൾ ഘട്ടം ഘട്ടമായി നിറുത്തലാക്കുകയാണെന്നും പകരം സംവിധാനമായി ഫാസ് ടാഗ് നടപ്പിലാക്കുകയാണെന്നും അപ്പോൾ സൗജന്യ സംഖ്യയായ 150 രൂപ എങ്ങനെയാണ് നടപ്പാക്കുന്ന നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഒഫ് ഇന്ത്യക്ക് കൈമാറുക എന്ന് ദേശീയ പാത അതോറിറ്റി സംസ്ഥാന സർക്കാരിനോട് കത്ത് മുഖാന്തരം ആവശ്യപെട്ടിരുന്നു. കത്ത് അയച്ച് 21 മാസം കഴിഞ്ഞിട്ടും സർക്കാർ തീരുമാനിക്കാത്തതിന്റെ പേരിൽ പ്രാദേശിക വാസികൾ ഫാസ് ടാഗ് എടുക്കാൻ ചെന്നാൽ 150 രൂപ അടക്കേണ്ടി വരികയാണ്. മാത്രമല്ല പുതിയ വാഹനങ്ങൾക്ക് സ്മാർട്ട് കാർഡുകൾ നൽകുന്നുമില്ല. ഇത്തരത്തിൽ സൗജന്യം നിഷേധിച്ചപ്പോഴാണ് 10 കിലോമീറ്റർ ചുറ്റളവിലുള്ള വാഹന ഉടമകൾക്ക് വേണ്ടി യു.ഡി.എഫ് ജനകീയ പണിമുടക്കിന് നിർബന്ധിതമായത്.

നിരവധി സമരങ്ങളും നിയമപോരാട്ടങ്ങളും നടത്തിയിട്ടും സി.പി.എം ഉൾപ്പടെയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണസമിതികൾ സർക്കാർ ഇടപെട്ട് പ്രശ്‌നം തീർക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും സൗജന്യ സംഖ്യയായ 150 രൂപ സർക്കാർ അടക്കാത്തതിന്റെ ഫലമാണ് ജനകീയ പണിമുടക്ക്. ജനകീയ പണിമുടക്ക് ജനങ്ങൾ ഏറ്റെടുക്കണമെന്നും കടകമ്പോളങ്ങളും സ്ഥാപനങ്ങളും അടച്ചിട്ടും വാഹനങ്ങൾ നിരത്തിലിറക്കാതെയും ജോലിക്ക് ഹാജരാകാതെയും രാഷ്ട്രീയ കക്ഷി ഭേദമന്യേ രാവിലെ 6 മുതൽ വൈകീട്ട് 6 വരെ പണിമുടക്കിൽ സഹകരിച്ച് വിജയിപ്പിക്കണമെന്ന് യു.ഡി.എഫ് നേതാക്കൾ അഭ്യർത്ഥിച്ചു. വാർത്താസമ്മേളനത്തിൽ നേതാക്കളായ അഡ്വ. ജോസഫ് ടാജറ്റ്, കെ.എൽ. ജോസ് മാസ്റ്റർ, സോമൻ മൂത്രത്തിക്കര, സി. അബ്ദുട്ടിഹാജി, ബേബി മാത്യു കാവുങ്ങൽ എന്നിവർ പങ്കെടുത്തു.