കൊടുങ്ങല്ലൂർ: സ്വന്തമായ ഭൂമിയും സമ്പത്തും നിഷേധിക്കപ്പെട്ടതോടെ സമൂഹത്തിൽ അന്യവത്കരിക്കപ്പെട്ട്, ഒരു രേഖകളും ഇല്ലാതായ ലക്ഷക്കണക്കിന് ആദിവാസികൾ പൗരത്വ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്ന അവസ്ഥയാണുള്ളതെന്നും വൻ അണക്കെട്ടുകളുടെ താഴ്‌വാരങ്ങളിൽ നിന്ന് ആട്ടിയകറ്റപ്പെട്ട ലക്ഷക്കണക്കിന് ആദിവാസി ഗോത്ര ജനതയുടെയും ഇടം പൗരത്വം നിഷേധിക്കപ്പെടുന്നവരുടെ ലിസ്റ്റിലാകുെമെന്നതാണ് അവസ്ഥയെന്നും എം. ഗീതാനന്ദൻ.
ദളിത്- ആദിവാസി- സ്ത്രീ- പൗരാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ, പൗരത്വ നിയമ ഭേദഗതിക്കെതിരെയും, രാഷ്ട്രശിൽപ്പി ഡോ . ബി.ആർ. അംബേദ്കറുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് ഫെബ്രുവരി രണ്ടാം വാരത്തിൽ, കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് സംഘടിപ്പിക്കുന്ന "ഭീം വാഗൺ യാത്ര" യുമായി ബന്ധപ്പെട്ട പരിപാടികൾക്ക് രൂപം നൽകാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.ബി. അജിതന്റെ അദ്ധ്യക്ഷതയിൽ എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ നടന്ന കൺവെൻഷനിൽ സലീന പ്രക്കാനം, സി. മുരളീ ശങ്കർ, കെ. മായാണ്ടി, വി.ഐ. ശിവരാമൻ എന്നിവർ സംസാരിച്ചു.
ഭീം വാഗൺ യാത്രയ്ക്ക് കൊടുങ്ങല്ലൂരിൽ വിപുലമായ സ്വീകരണം നൽകുന്നതിന് എൻ.ബി. അജിതൻ (ചെയർമാൻ), പി.വി. സജീവ് കുമാർ (ജനറൽ കൺവീനർ), അനസ് നദ് വി, സി.വി. മോഹൻകുമാർ, ശക്തിധരൻ വില്ലാടത്ത്, മോഹനൻ ചേറ്റുവ എന്നിവരുടെ നേതൃത്വത്തിൽ ദളിത്- പിന്നാക്ക- മതന്യൂനപക്ഷ സമുദായ സംഘടനാ നേതാക്കളെയും മറ്റും ഉൾപ്പെടുത്തി ഭീവാഗൺ യാത്രാ സ്വീകരണ സമിതി രൂപീകരിച്ചു.