തൃശൂർ: കലുഷിതമായ കാശ്മീരിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ നാടകമാണ് അഭിഷേക് മജുംദർ സംവിധാനം ചെയ്ത ഈദ്ഗാഹ് കി ജിന്നത്ത്. രണ്ട് മണിക്കൂർ നീണ്ട നാടകം പ്രേഷക ശ്രദ്ധ ആകർഷിക്കുന്നത് അഭിനേതാക്കളുടെ മികവുറ്റ അവതരണം കൊണ്ടാണ്. ഈദ് ദിനം ആകാശത്തിൽ ചന്ദ്രൻ തെളിയുമ്പോൾ നക്ഷത്രമായി മാറുന്ന ജിന്നുകളെ കാണാൻ കാത്തിരിക്കുന്ന ഫാത്തിമയുടെ കഥ അഷ്രഫി, ബിലാൽ എന്ന സഹോദരങ്ങൾക്ക് അച്ഛൻ പറഞ്ഞു കൊടുത്തു കൊണ്ടാണ് നാടകം ആരംഭിക്കുന്നത്.
കാശ്മീർ പോലെ അനിശ്ചിതത്വം കലർന്ന സ്ഥലത്ത് ഫുട്ബാൾ എന്ന സ്വപ്‌നവുമായി കഴിയുന്ന ബിലാൽ, യഥാർത്ഥത്തിൽ ഫുട്ബാൾ കളി ബ്രസീലിലേക്ക് പോകാനുള്ള ഒരു ഉപാധിയായിട്ടാണ് കാണുന്നതെന്ന് പകുതിയോടെ പ്രേക്ഷകർ മനസ്സിലാക്കുന്നുണ്ട്. അവന് അനിയത്തി അഷ്രഫിയുമായി സ്വതന്ത്രമായ മറ്റൊരു രാജ്യത്തിലേക്ക് കുടിയേറാൻ ഫുട്ബാൾ എന്ന മാർഗം തേടുമ്പോൾ കാശ്മീരിലെ അന്തരീക്ഷം എത്രയോ ഭീതിജനകമാണെന്ന് വ്യക്തമാവുന്നു.
കാശ്മീരിലെ ജനതയെ പോലെ തന്നെ മറ്റൊരു നിർബന്ധിത ജീവിതം നയിക്കാൻ പണിഷ്‌മെന്റ് ട്രാൻസ്ഫർ ലഭിച്ച് അവിടെ എത്തുന്ന പട്ടാളക്കാരുടെ അവസ്ഥയിലൂടെയും നാടകം കടന്നു പോകുന്നുണ്ട്. ഇന്ത്യയുമായുള്ള സമാധാന ചർച്ചയ്ക്ക് വേണ്ടി കാത്തിരിക്കുന്ന പട്ടാളക്കാരെ അവതരിപ്പിക്കുന്നതിലൂടെ കലാപം ആരുടെയും അഗ്രഹമല്ലെന്നും, സ്വാതന്ത്ര്യവും സമാധാനവുമാണ് സ്വപ്‌നമെന്നും ഈദ്ഗാഹ് കി ജിന്നത്ത് സംവദിക്കുന്നു.
മഞ്ഞും, മരങ്ങളും, മലകളും ചേർന്ന പ്രകൃതി സുന്ദരമായ കാശ്മീരിനെ കൂടി ഈ നാടകം പരിചയപ്പെടുത്തുന്നു. നിശബ്ദമായും ഭയപ്പെടുത്തിയും മുന്നോട്ട് പോകുന്ന ശബ്ദവിന്യാസവും, നീലയും മഞ്ഞയും ഇടകലർത്തിയ ലൈറ്റിംഗും മികച്ചതായിരുന്നു. ഇതിനു മുൻപും ഇറ്റ്‌ഫോക്കിൽ പങ്കെടുത്തിട്ടുള്ള നാടകസംഘത്തിന് ഏറ്റവും പ്രിയപ്പെട്ട വേദിയാണിതെന്ന് സംവിധായകൻ അഭിഷേക് മജുംദർ പറഞ്ഞവസാനിപ്പിച്ചു.