കൊടുങ്ങല്ലൂർ: അഴീക്കോട് - മുനമ്പം പാലം നിർമ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളികളുടെ പേരിൽ മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും വ്യാജ പരാതി നൽകിയെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും മത്സ്യത്തൊഴിലാളി കൂട്ടായ്മ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പാലം നിർമ്മിക്കുന്നത് മത്സ്യത്തൊഴിലാളികൾക്ക് ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി നൽകിയിട്ടുള്ള വ്യാജ പരാതിക്ക് പിന്നിൽ പ്രദേശത്തെ ഒരു ഭൂവുടമയാണെന്നും ഒരു ഫ്ലാറ്റ് സമുച്ചയം സ്വന്തമായുള്ള അദ്ദേഹത്തിന് പാലം വന്നാൽ ഫ്ളാറ്റിനെ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് വ്യാജ പരാതി നൽകിയതെന്നും മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.
എറിയാട്, അഴീക്കോട് ഭാഗങ്ങളിൽ താമസിക്കുന്ന 130 മത്സ്യത്തൊഴിലാളികളുടെ പേരിലാണ് പരാതി നൽകിയത്. എഴുതിയ പരാതിയും ഒപ്പുകളും പരിശോധിച്ചാൽ ഇത് ഒരാൾ തന്നെയാണെന്ന് വ്യക്തമാകും. പാലം വന്നു കഴിഞ്ഞാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യ ബന്ധനത്തിന് പോകാൻ തടസ്സമാകുമെന്നും പാലത്തിനായി പണം ചെലവഴിക്കുന്നത് അനാവശ്യമാണെന്നുമായിരുന്നു വ്യാജ പരാതിയിൽ പറഞ്ഞിട്ടുള്ളത്. ഇത് സംബന്ധിച്ച് കളക്ടർ, ഫിഷറീസ് ഇൻസ്പെക്ടർ മുഖേന അന്വേഷണം നടത്തിയപ്പോഴാണ് തങ്ങളുടെ പേരിൽ വ്യാജ ഒപ്പിട്ട് പരാതി നൽകിയ വിവരം അറിഞ്ഞതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
പാലം നിർമ്മാണത്തിന് തങ്ങൾ എതിരല്ലെന്നും പാലം യാഥാർത്ഥ്യമായാൽ പതിനായിരത്തോളം വരുന്ന മത്സ്യത്തൊഴിലാളികൾക്ക് മുനമ്പം ഹാർബറിൽ നിന്ന് നേരിട്ട് മത്സ്യം വാങ്ങാനും ഗതാഗത ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും കഴിയുമെന്നും അവർ പറഞ്ഞു. വ്യാജ പരാതിയെ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി, ഫിഷറീസ് ഡയറക്ടർ, തൃശൂർ എസ്.പി, ഡി.ജി.പി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും മത്സ്യത്തൊഴിലാളികളായ അബ്ബാസ് ചുങ്കത്ത്, അശോകൻ ചെട്ടിപ്പറമ്പിൽ, കരീം പുന്നക്കൽ, സേതു കംബ്ലിക്കൽ, കണ്ണൻ കംബ്ലിക്കൽ, അശോകൻ തലാശ്ശേരി എന്നിവർ കൂട്ടിച്ചേർത്തു.