തൃശൂർ: ചുമട്ടുതൊഴിലാളി തർക്കത്തെ തുടർന്ന് രണ്ട് ദിവസമായി ചരക്ക് ഇറക്കാൻ സാധിക്കാതെ സപ്ലൈകോ. ഇത് മൂലം സൂപ്പർ മാർക്കറ്റിന്റെ മുറ്റത്ത് ലോറി പിടിച്ചിട്ടിരിക്കുകയാണ്.
കയറ്റുകൂലി വർദ്ധന സംബന്ധിച്ച തർക്കത്തെ തുടർന്ന് വടക്കെ സ്റ്റാൻഡിലെ സപ്ലൈകോ പീപ്പിൾസ് ബസാറിലാണ് പ്രതിസന്ധി. കുരിയച്ചിറ ഡിപ്പോയിൽ നിന്ന് തിങ്കളാഴ്ച രാവിലെ എത്തിയ മൂന്ന് ലക്ഷം രൂപയോളം വരുന്ന ചരക്കാണ് ഇറക്കാനാകാതെ ലോറിയിൽ കിടക്കുന്നത്. സബ്‌സിഡി നിരക്കിലുള്ള 15ഇനം സാധനസാമഗ്രികളുടെ സ്റ്റോക്ക് ശനിയാഴ്ച തീർന്നതാണ്. ശബരി ബ്രാൻഡ് ഉത്പന്നങ്ങളും ഇതിൽപെടും.
രണ്ട് ദിവസമായി സൂപ്പർമാർക്കറ്റിൽ എത്തുന്നവർ ആവശ്യത്തിനു സാധനങ്ങൾ ലഭിക്കാതെ മടങ്ങുകയാണ്. 50 കിലോഗ്രാം ചാക്കിന് 13.61 രൂപ നിരക്കിലാണ് നിലവിലെ കയറ്റുകൂലി. ഇതിനു പുറമെ 25 ശതമാനം ലെവിയും 2 ശതമാനം അധിക ലെവിയും ഉണ്ട്. കൂലി 20 ശതമാനം വർദ്ധിപ്പിക്കണമെന്നാണ് ഒരു വർഷത്തോളമായി ചുമട്ടുതൊഴിലാളികളുടെ ആവശ്യം. ഇതിന്റെ പേരിൽ നേരത്തെ പണിമുടക്കും പലപ്പോഴായി ചർച്ചകളും നടന്നെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ, വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടുള്ള ജില്ലാ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയന്റെ അപ്പീൽ ഡപ്യൂട്ടി ലേബർ കമ്മിഷണർ നിരസിച്ച് ഉത്തരവായിരുന്നു. ഏകീകൃത കൂലിനിരക്കിനേക്കാൾ ഉയർന്ന നിരക്ക് നിലവിൽ തൊഴിലാളികൾക്കു ലഭിക്കുന്നുണ്ടെന്ന സപ്ലൈകോ അധികൃതരുടെ വാദം ശരി വച്ചായിരുന്നു ഉത്തരവ്.
അതേസമയം, അയ്യന്തോളിലെ സൂപ്പർ മാർക്കറ്റിൽ 5.74 രൂപ മാത്രമാണ് കയറ്റുകൂലി എന്ന് സപ്ലൈകോ അധികൃതർ പറയുന്നു. വടക്കെ സ്റ്റാൻഡിലെ സൂപ്പർ മാർക്കറ്റിൽ ചുമട്ടുതൊഴിലാളികൾക്ക് അധിക ജോലിഭാരം ഉണ്ടെന്നാണ് ഹർജിയിലെ വാദം. ഒരു നില മുകളിലേക്കു കയറിയും ലോറിയിൽ നിന്നു 39 മീറ്റർ ദൂരം അകലെയുമാണ് ചുമട് ഇറക്കുന്നത്. ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് തൃശൂർ മേഖലയിൽ അംഗീകരിച്ച കൂലി നിരക്ക് അനുവദിച്ചുകിട്ടണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.