temple
നശിച്ചു കൊണ്ടിരിക്കുന്ന കാരമുക്കിലെ കരാംകുളം

കാഞ്ഞാണി: മണലൂർ പഞ്ചായത്തിലെ കാരമുക്ക് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപമുള്ള വലിയ ജലസ്രോതസായ കരാംകുളം അധികൃതരുടെ അനാസ്ഥയിൽ നശിക്കുന്നു. പായലുകൾ നിറഞ്ഞ് കാടുകയറി ഒഴുക്ക് നിലച്ച് നാശത്തിന്റെ വക്കിലാണ് കുളം. ഒരേക്കർ കുടുതൽ വിസ്തൃതിയുള കുളം കടുത്തവേനലിലും ജലസമൃദ്ധമാണ്. വേനൽകാലത്ത് വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർ പോലും കുളിക്കാനും വസ്ത്രം അലക്കാനും ഇവിടെ എത്താറുണ്ട്. എന്നാൽ ചണ്ടി ഉൾപ്പടെയുള്ള മാലിന്യം നിറഞ്ഞതോടെ പ്രദേശവാസികൾ പോലും കുളത്തിൽ ഇറങ്ങാൻ മടിക്കുകയാണ്.

ഏതാനും മാസം മുമ്പ് പരിസരവാസിയായ യുവതി വസ്ത്രം കഴുകുന്നതിനിടയിൽ കളത്തിൽ വീണ് മരിച്ചത് മണിക്കൂറുകൾ കഴിഞ്ഞാണ് അറിഞ്ഞത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്താണ് വർഷങ്ങളായി ഫണ്ട് ചെലവഴിച്ചിരുന്നത്. രണ്ട് വർഷം മുമ്പ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കുളംവൃത്തിയാക്കിയതും കയർബോർഡുമായി സഹകരിച്ച് കുളത്തിന് ചുറ്റും കയർപായ ഉപയോഗിച്ച് സംരക്ഷണഭിത്തി ഉണ്ടാക്കിയതും കുളക്കടവ് കെട്ടാൻ ഫണ്ട് ചെലവഴിച്ചതും പഞ്ചായത്താണ്. കയർപായ കൊണ്ട് സംരക്ഷണഭിത്തി ഉണ്ടാക്കിയെങ്കിലും വേണ്ടത്ര ഉപകാരപ്പെട്ടില്ല. എന്നാൽ രണ്ടുവർഷമായി കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിന് വേണ്ടത്ര ഫണ്ട് ഇല്ലാത്തതിനാൽ പായലും പുല്ലും നിറഞ്ഞ് ഒഴുക്ക് നിലച്ച അവസ്ഥയിലാണ്.

കുളംവൃത്തിയാക്കി പാർശ്വഭിത്തികൾ ബലപ്പെടുത്തിയാൽ നിരവധി കുടിവെള്ള പദ്ധതികൾക്ക് ഉപയോഗിക്കാനാകും. സമീപത്തെ കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കാനാകും. അതിനുവേണ്ടി കുളവും കൃഷിയിടവും ബന്ധിപ്പിക്കുന്ന തോട് വൃത്തിയാക്കി സംരക്ഷിക്കേണ്ടതുമുണ്ട്. ഹരിതമിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ കുളം നവീകരിച്ച് സംരക്ഷിക്കാനും കഴിയും.

കുള നവീകരണത്തിന് പഞ്ചായത്തിന്റെ ഫണ്ട് തികയില്ല. നീർത്തട പദ്ധതി പ്രകാരം ഇറിഗേഷന് നൽകിയിരിക്കുന്ന പൊതുകുളങ്ങളുടെ ലിസ്റ്റിൽ കരാംകുളത്തിനാണ് മുൻഗണന. ഇറിഗേഷൻ ഏറ്റെടുക്കുകയും വൃത്തിയാക്കാമെന്ന് അറിയിച്ചിട്ടുമുണ്ട്.

- വിജി ശശി (മണലൂർ പഞ്ചായത്ത് പ്രസിഡന്റ്)

പഞ്ചായത്തിൽ നിന്ന് ഒരു നിർദ്ദേശവും വന്നിട്ടില്ല. പഞ്ചായത്ത് കമ്മിറ്റി ഇത് പൊതുകുളമാണെന്ന് തീരുമാനമെടുത്തും പൊതുകുളമാക്കി ഉപയോഗിക്കാനുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ സമ്മതപത്രവും ഇറിഗേഷന് നൽകിയാൽ അപ്പോൾ എസ്റ്റിമേറ്റ് എടുത്ത് മുകളിലേക്ക് അയക്കും.

- എം.ജി. സാബു ( ഇറിഗേഷൻ അസി.എൻജിനിയർ)

ജലനിധി പോലുള്ള പദ്ധതികളിൽ ഉൾപ്പെടുത്തുകയോ എം.എൽ.എ, എം.പി ഫണ്ടുകൾ ഉപയോഗിച്ചോ കരാംകുളം നവീകരണ പ്രവർത്തനങ്ങൾ നടത്തി സംരക്ഷിക്കണം. കൊച്ചിൻ ദേവസ്വം ബോർഡിൽ നിന്ന് സമ്മതപത്രം ആവശ്യവരുന്ന പക്ഷം വാങ്ങിച്ചുകൊടുക്കും.

- എ. രവീന്ദ്രനാഥൻ ( കാരമുക്ക് ശ്രീകൃഷ്ണ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ്)