തൃശൂർ : ചുവപ്പ് നാട പൊട്ടിച്ച് സ്പീഡ് പോസ്റ്റ് ഓഫീസ് കെട്ടിടം പൊളിച്ചെങ്കിലും പട്ടാളം റോഡിലെ കുപ്പിക്കഴുത്ത് ഉടയാതെ കരുക്കും മുറുകി. പട്ടാളം റോഡിലെ കുപ്പിക്കഴുത്ത് പൊളിച്ച് നീക്കി മാസങ്ങൾ പിന്നിട്ടെങ്കിലും മാരിയമ്മൻ കോവിൽ ക്ഷേത്ര ഭാഗത്തെ വീതികൂട്ടൽ ഒന്നുമാകാത്തതാണ് പ്രശ്നം.
ക്ഷേത്രം പൊളിച്ച് മറ്റൊരു സ്ഥലത്തേക്ക് പുനർ നിർമ്മിക്കുകയോ, ബദൽ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യണം. എന്നാൽ ഇതിന് കോർപറേഷൻ വേണ്ട ശുഷ്കാന്തി കാണിക്കുന്നില്ല. ക്ഷേത്രം ഭാരവാഹികളുമായി ചർച്ച നടത്തിയെങ്കിലും അവരുടെ ആവശ്യങ്ങളോട് പുറം തിരിഞ്ഞ് നിൽക്കുകയാണ്. ക്ഷേത്രം അധികൃതർ ഭൂമി ഏറ്റെടുക്കാൻ തടസമില്ലെന്ന് കാട്ടി രേഖാ മൂലം കത്ത് നൽകിയതായും സ്ഥലം അക്വയർ ചെയ്യാൻ പോകുകയാണെന്നും കോർപറേഷൻ വിശദീകരിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് ക്ഷേത്രം ഭാരവാഹികൾ പറയുന്നത്.
സ്പീഡ് പോസ്റ്റ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിച്ച് കൊടുക്കുന്ന കാര്യത്തിലും മെല്ലെപ്പോക്കാണ്. തൊട്ടടുത്തുള്ള കോർപറേഷൻ കെട്ടിടത്തിലാണ് സ്പീഡ് പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത്. പട്ടാളം റോഡിലെ ബി.എസ്.എൻ.എൽ ഓഫീസിന്റെ മുന്നിലെ കോർപറേഷന്റെ പതിനാറര സെന്റ് സ്ഥലത്ത് കെട്ടിടം നിർമ്മിക്കാമെന്നായിരുന്നു കരാർ. എന്നാൽ കെട്ടിട നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. സ്പീഡ് പോസ്റ്റ് ഓഫീസ് സ്ഥലം വാഹന പാർക്കിംഗ് കേന്ദ്രമാക്കി മാറ്റിയിട്ടുമുണ്ട്.
............
തടസങ്ങളെല്ലാം നീങ്ങിയിട്ടുണ്ട്. ടെൻഡർ നടപടി ആരംഭിച്ചിട്ടുണ്ട്
അജിതാ വിജയൻ, മേയർ
............
വികസനത്തിന് എതിരല്ല. ന്യായമായ രീതിയിലുള്ള ഇടപെടലുകൾ ഉണ്ടാകണം. ക്ഷേത്ര ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ കോർപറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അത് അടുത്ത ദിവസം തന്നെ നൽകും.
ഡോ. സുകുമാരൻ, ക്ഷേത്ര സമിതി പ്രസിഡന്റ്
..........
ഏറെ പ്രയത്നിച്ചാണ് സ്പീഡ് പോസ്റ്റ് ഓഫീസ് കെട്ടിടം പൊളിച്ചത്. മാസങ്ങൾ പിന്നിട്ടിട്ടും നടപടികളുമായി മുന്നോട്ട് പോകാത്തത് പ്രതിഷേധാർഹമാണ്.
എം.എസ് സമ്പൂർണ്ണ, ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ
..........
മന:പൂർവം വൈകിപ്പിക്കുകയാണ്. എൽ.ഡി.എഫ് ഭരണ സമിതി അധികാരമേറ്റ് ആറ് മാസത്തിനകം ചെയ്തു തീർക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. സി.പി.ഐ മേയർ പോയി സി.പി.എം മേയർ വന്ന ശേഷം തുടങ്ങി അതിന്റെ ക്രെഡിറ്റ് അടിക്കാനുള്ള ശ്രമമാണ് ഇത്..
രാജൻ പല്ലൻ, മുൻ മേയർ