തൃശൂർ: ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ മൊബൈൽ ഫോൺ ടവർ സ്ഥാപിക്കുന്നതിന് മുമ്പ് ജില്ലാ ടെലികോം കമ്മിറ്റി അർഹിക്കുന്ന പ്രാധാന്യത്തോടെ പരിശോധന നടത്തി നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ജില്ലാ കളക്ടർക്കാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദ്ദേശം നൽകിയത്. മൊബൈൽ ടവർ നിർമ്മാണത്തിന് അനുമതി നൽകേണ്ടത് ജില്ലാ ടെലികോം കമ്മിറ്റിയാണ്. അതിന്റെ കൺവീനർ ജില്ലാ കളക്ടറാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും അപകടം സംഭവിക്കുന്ന രീതിയിൽ മൊബൈൽ ടവർ സ്ഥാപിക്കുകയാണെന്ന് പരാതി ഉയർന്നാൽ അക്കാര്യം ഗൗരവമായെടുക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂർ എറിയാട് പ്രദേശത്ത് താമസിക്കുന്നവരാണ് പരാതി നൽകിയത്. ബിജിമോൾ എന്ന വ്യക്തിയുടെ ഭൂമിയിൽ ജിയോ ടവർ സ്ഥാപിക്കുന്നതിനെതിരെയാണ് ആക്ഷേപം. കമ്മിഷൻ തൃശൂർ ജില്ലാ കളക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. എറിയാട് പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും കിട്ടിയിട്ടില്ലെന്ന് കളക്ടർ കമ്മിഷനെ അറിയിച്ചു. മുഹമ്മദ് അബ്ദുൾ നാസർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.