kuzhur-
ഭാരവാഹികൾ കുഴൂർ വായനശാലയിൽ ഒരുക്കങ്ങൾക്കിടെ

മാള: ഒരു പഞ്ചായത്തിലെ എട്ട് സ്കൂളിലെ 46 ക്ലാസ് മുറികളിലും 35 - 45 വീതം പുസ്തകങ്ങളുമായി ഓരോ കുഞ്ഞു വായനശാലകൾ. ഇത് കേരളത്തിൽ മറ്റെങ്ങും കേൾക്കാനിടയില്ലാത്ത കുഴൂരിൻ്റെ നല്ലപാഠം. ഓരോ ക്ലാസ് മുറിയിലേക്കും വായനശാല ഒരുക്കാനുള്ള അലമാരയും പുസ്തകങ്ങളും അടക്കം നൽകുന്ന അക്ഷരദീപം പദ്ധതിയിലൂടെയാണ് കുഴൂർ വായനശാല ആ ഗ്രാമത്തിൻ്റെ വഴിവിളക്കാവുന്നത്.

ക്‌ളാസിലെ വിദ്യാർത്ഥിയെ ലൈബ്രേറിയനാക്കും. വിദ്യാർത്ഥികളുടെ പ്രായത്തിന് അനുസരിച്ചുള്ള പുസ്തകം തരം തിരിച്ച് നൽകും. വിദ്യാലയങ്ങളിലെ മൂന്ന് മുതൽ പന്ത്രണ്ടാം ക്‌ളാസ് വരെയാണ് വായനശാല ഒരുക്കുക. കഥകൾ, നോവലുകൾ, ചിത്രകഥകൾ, ശാസ്ത്ര വിഷയങ്ങൾ, കവിതകൾ തുടങ്ങിയ മലയാളത്തിലും ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലുമുള്ള പുസ്തകങ്ങളാണ് നൽകുന്നത്. മേൽനോട്ട ചുമതല ഒഴികെ മറ്റെല്ലാ ഉത്തരവാദിത്വവും വിദ്യാർത്ഥികൾക്കായിരിക്കും. അതിനായുള്ള രജിസ്റ്ററും വായനശാല നേരിട്ടാണ് നൽകുന്നത്. വിദ്യാർത്ഥികളുടെ ജന്മദിനം പോലുള്ള വിശേഷ ദിനങ്ങളിൽ സഹപാഠികൾക്ക് മധുരം നൽകുന്നത് ഒഴിവാക്കി ചുരുങ്ങിയത് ഒരു പുസ്തകമെങ്കിലും ക്ലാസുകളിലെ വായനശാലയിലേക്ക് നൽകാനുള്ള നിർദേശവുമുണ്ട്. ഈ സൗകര്യം അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും നൽകിയാണ് ക്ലാസ്റൂം വായനശാലകൾ ഭാവിയിൽ വിപുലീകരിക്കാൻ പദ്ധതിയിട്ടിട്ടുള്ളത്. ഓരോ വർഷവും കൂടുതൽ പുസ്തകങ്ങൾ നൽകാനുള്ള ശ്രമത്തിലാണ് കുഴൂർ വായനശാലയെന്ന് ഭാരവാഹികളായ ടി.എസ് ഗോപി, ഒ.പി ജയരാജ് എന്നിവർ പറഞ്ഞു. 25ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുന്നതോടെ വായനശാലകൾ പ്രവർത്തനസജ്ജമാകും.

കുഴൂർ വായനശാല

പഴക്കം: 86 വർഷം.

പുസ്തകങ്ങൾ: 15,000

മൂന്ന് ലക്ഷത്തിൻ്റെ പദ്ധതി

'' പദ്ധതിക്കായി മൂന്ന് ലക്ഷത്തോളം രൂപയാണ് പൊതുജന പങ്കാളിത്തത്തോടെ കണ്ടെത്തി ആദ്യഘട്ടത്തിൽ ചെലവഴിച്ചത്. കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ''

ഐ. ബാലഗോപാൽ, വായനശാലാ പ്രസിഡൻ്റ്, മുൻ അദ്ധ്യാപകൻ.