maracheeni
കൃഷിയിടത്തിൽ വിളഞ്ഞ 35 കിലോ തൂക്കം വരുന്ന മരച്ചീനിയുമായി ദിലീപ്കുമാർ

എരുമപ്പെട്ടി: മരച്ചീനി കൃഷിയിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തി ദിലീപ് കുമാർ ശ്രദ്ധേയനാകുന്നു. തന്റേതായ ശൈലിയിൽ 35 കിലോ തൂക്കമുള്ള മരച്ചീനി വിളയിച്ചെടുത്താണ് വേലൂർ തണ്ടിലം മച്ചിങ്ങൽ ദിലീപ് കുമാർ കർഷകരിൽ വ്യത്യസ്തനാകുന്നത്. മറ്റു വിളകളോടൊപ്പം ഇടവിളയായാണ് മരച്ചീനി കൃഷി ചെയ്തത്. ഓരോ ചുവടിനും 35 കിലോ തൂക്കം ലഭിച്ചത് ആഹ്ലാദത്തോടൊപ്പം കൗതുകവും ഉണർത്തി.

വയനാട് ജില്ലയിൽ മാത്രം കൃഷി ചെയ്യുന്ന ആറു മാസം ബ്രീഡാണ് കൃഷിക്കായി തിരഞ്ഞെടുത്തത്. കാലാവസ്ഥാ വ്യതിയാനം വയനാടൻ വിളയെ എങ്ങനെ ബാധിക്കുമെന്ന പരീക്ഷണം കൂടിയാണ് മരച്ചീനി കൃഷിയിലൂടെ നടത്തിയത്. കോഴിക്കാഷ്ഠവും ചാണകപ്പൊടിയും ഉപയോഗിച്ച് തികച്ചും ജൈവ വളപ്രയോഗമാണ് ദിലീപ് കുമാർ നടത്തിയത്. വീട്ടിൽ വളർത്തുന്ന കോഴിയിൽ നിന്നാണ് കോഴിക്കാഷ്ഠം വളമായി എടുക്കുന്നത്.

കൃഷിയിടത്തിൽ കീടനാശിനികളുടെ പ്രയോഗം ഇതുവരെയും നടത്തിയിട്ടില്ലെന്ന് ദിലീപ് പറയുന്നു. വിളവെടുപ്പ് കഴിഞ്ഞ് ഉപേക്ഷിക്കുന്ന ചേന വിത്തുകൾ കൊണ്ടും കൃഷി ചെയ്യാമെന്ന് കാർഷിക മേഖലയെ പഠിപ്പിച്ചതും ഈ യുവ കർഷകനാണ്. ഇഞ്ചി, മഞ്ഞൾ, വാഴ തുടങ്ങിയ വിളകൾക്ക് മരച്ചീനി തൈകൾ കൊണ്ടാണ് സംരക്ഷണ വേലി തീർത്തിരിക്കുന്നത്. ഇവക്കൊപ്പം വളർന്ന മരച്ചീനിക്ക് അത്ഭുതപ്പെടുത്തുന്ന വിളവാണ് ലഭിച്ചത്.

അൻപത് വർഷമായി തരിശിട്ട് കിടന്നിരുന്ന പാടം നെൽക്കൃഷി ചെയ്ത് നൂറുമേനി വിളയിക്കാൻ ക്രിയാത്മകമായ പ്രവർത്തനവും ദിലീപ് കാഴ്ച വച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ മരച്ചീനി കൃഷിയിൽ വിജയം കൈവരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷേർളിയുടെ ഭർത്താവ് കൂടിയായ ദിലീപ് കുമാർ.