അന്തിക്കാട്: അധികൃതരുടെ അനാസ്ഥ മൂലം ലക്ഷക്കണക്കിനു രൂപയുടെ കാർഷികോപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ സ്‌കീമുകളിലെ ഫണ്ടുപയോഗിച്ച് വാങ്ങിയ ഉപകരണങ്ങളാണ് നശിക്കുന്നത്. ട്രാക്ടർ, ട്രില്ലർ, നടീൽ യന്ത്രങ്ങൾ എന്നിവയാണ് നശിക്കുന്നത്. യഥാസമയം കേടുപാടുകൾ തീർക്കാൻ അധികൃതർ തയാറാകാത്തതിനാലാണ് ഇവ നശിച്ചത്.
ഉപകരണങ്ങൾ നശിച്ചതോടെ കർഷകർ സ്വകാര്യ വ്യക്തികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. കൃഷി പണിക്കായി കുറഞ്ഞ ചെലവിൽ കർഷകർക്ക് ലഭിച്ചിരുന്ന ഉപകരണങ്ങൾ, നല്ലൊരു തുക നൽകി സ്വകാര്യ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും നിലവിൽ വാങ്ങുകയാണ്. കർഷകരെ സഹായിക്കുന്നതിനു വേണ്ടി ത്രിതല പഞ്ചായത്തും കൃഷി വകുപ്പും ലക്ഷങ്ങൾ ചെലവഴിച്ചാണ് കാർഷികോപകരണങ്ങൾ വാങ്ങുന്നത്. എന്നാൽ ഇവയുടെ അറ്റകുറ്റപണികൾ നടത്താൻ പിന്നീട് ആരും തയാറാകുന്നില്ല. ഇതാണ് ഉപകരണങ്ങൾ നശിക്കാനുള്ള കാരണം. യന്ത്രങ്ങളുടെ കേടുപാടുകൾ തീർക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.