കൊടകര: പുതുവർഷത്തിൽ നിരോധനം നിലവിൽ വന്ന പ്ലാസ്റ്റിക്ക് വസ്തുക്കളുടെ നിരോധനം ഏറെ ബാധിച്ചത് വ്യാപാരികളെയാണ്. നിരോധനം മനുഷ്യകുലത്തിന് ഗുണമാണെന്ന് മനസിലാക്കിയ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊമ്പടിഞ്ഞാമാക്കൽ യൂണിറ്റ് പുതിയ സംരംഭത്തിന് തുടക്കമിട്ടു. ക്യാരിബാഗുകളുടെ നിരോധനത്തെ മറികടക്കുന്നതിനായി തുണിസഞ്ചി നിർമാണയൂണിറ്റ് തുടങ്ങിയിരിക്കുകയാണ് ഇവരുടെ കൂട്ടായ്മ.
പോഷക സംഘടനയായ വനിതാവിംഗാണ് യൂണിറ്റ് നടത്തുന്നത്. 15 ഓളം വനിതാ അംഗങ്ങൾ നിർമാണമേഖലയിൽ ജോലിചെയ്യുന്നു. ഇവർ ഒരുദിവസം 500ൽ പരം സഞ്ചികൾ നിർമ്മിക്കും. 5000 സഞ്ചികളുടെ ഓർഡറുകൾ ഇതിനകം ലഭിച്ചുകഴിഞ്ഞു. ക്വാളിറ്റിയിലുള്ള തുണികളാണ് നിർമാണത്തിന് ഉപയോഗിക്കുന്നത്. 6 മുതൽ 9 രൂപവരെ ഒരു സഞ്ചിക്ക് നിർമാണ ചെലവ് വരും. ഇത് ഒരുവർഷം വരെ ഉപയോഗിക്കാനാകുമെന്നും ഭാരവാഹികൾ പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപനസമിതി കൊമ്പിടിഞ്ഞാമാക്കൽ യൂണിറ്റ് പ്രസിഡന്റ് വി.എ. ഷംസുദ്ദീൻ തുണിസഞ്ചി നിർമാണയൂണിറ്റ് ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡന്റ് ലത സുകുമാരൻ അദ്ധ്യക്ഷയായി. ജനറൽ സെക്രട്ടറി പി.പി. ജോഷി, എൻ.എ. ഇഗ്‌നേഷ്യസ്, ടി.പി. സജീവ്, അമൃത സുനിൽ, ഫാത്തിമ നൂറുദ്ദീൻ, എന്നിവർ സംസാരിച്ചു.