വടക്കാഞ്ചേരി: റീ ടാറിംഗ് നടക്കുന്ന മുണ്ടത്തിക്കോട് മെഡിക്കൽ കോളേജ് റോഡിന്റെ നിർമ്മാണം തലതിരിഞ്ഞ രീതിയിലാണെന്ന് പരാതി. അശാസ്ത്രീയമായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തിന് കീഴിലായിരുന്ന റോഡ് ഇപ്പോൾ നഗരസഭയ്ക്ക് കീഴിലാണ്.

എട്ടു വർഷം മുമ്പ് ജില്ലാ പഞ്ചായത്ത് ടാറിംഗ് പണി കഴിച്ചിരുന്ന ഈ മൂന്നു കിലോമീറ്റർ റോഡ് പിന്നീട് തകർന്ന് തരിപ്പണമായി. ഇതോടെ നാട്ടുകാർ പ്രക്ഷോഭം ആരംഭിച്ചു. സംഭവത്തിൽ ഇടപെട്ട അനിൽ അക്കര എം.എൽ.എ അദ്ദേഹത്തിന്റെ വികസന ഫണ്ടിൽ നിന്നും 1.82 കോടി റോഡിന്റെ നിർമ്മാണ പ്രവൃത്തികൾക്കായി അനുവദിച്ചു. പ്രവൃത്തികൾ കരാറെടുത്തയാൾ നിർമ്മാണം നടത്താതെ വന്നപ്പോൾ എം.എൽ.എ ഹൈക്കോടതിയെ സമീപിച്ചു.

റോഡ് നിർമ്മാണം ഉടൻ പൂർത്തീകരിക്കാൻ കോടതി ഉത്തരവിട്ടു. കോടതി പലതവണ ഉത്തരവിട്ടിട്ടും നിർമ്മാണം ഒച്ചിന്റെ വേഗത്തിലായപ്പോൾ വിഷയം എം.എൽ.എ നിയമസഭയിൽ ഉന്നയിച്ചു. ഇതേത്തുടർന്ന് പൊതുമരാമത്ത് മന്ത്രി വിഷയത്തിൽ ഇടപെട്ടു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത അദ്ദേഹം കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചു.

തുടർന്ന് കരാറുകാരൻ നിർമ്മാണം ആരംഭിച്ചു. മൂന്നര മീറ്റർ വീതിയിൽ മാത്രമാണ് ടാറിംഗ് നടന്നതെന്ന് പറയപ്പെടുന്നു. എട്ടു മീറ്ററോളം റോഡിന് വീതിയുണ്ട്. നിർമ്മാണം കഴിഞ്ഞ ഭാഗങ്ങളിൽ ചിലയിടത്ത് എഡ്ജുകൾ ഉള്ളതായി നാട്ടുകാർക്ക് പരാതിയുണ്ട്. ഇത് വാഹനാപകടങ്ങൾ ഉണ്ടാകാൻ ഇടയാകുമെന്നാണ് ആക്ഷേപം.

നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി മെഡിക്കൽ കോളേജിലേക്ക് എത്തുന്നത്. എസ്റ്റിമേറ്റിൽ പറഞ്ഞ പോലുള്ള നിർമ്മാണ പ്രവൃത്തികളാണ് നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ടാറിംഗ് ഒരാഴ്ച കൊണ്ടു് പൂർത്തീകരിക്കുമെന്നും അതിനു ശേഷം ഉയർന്നു നിൽക്കുന്ന ഭാഗങ്ങളിൽ മണ്ണിട്ട് നികത്തി അപാകതകൾ തീർക്കുമെന്നും പൊതുമരാമത്ത് നിരത്തുവിഭാഗം അസി. എൻജിനിയർ അറിയിച്ചു.

മുണ്ടത്തിക്കോട് - മെഡിക്കൽ കോളേജ് റോഡ്

ജില്ലാ പഞ്ചായത്തിന്റെ കൈയിലുള്ള റോഡ് ഇപ്പോൾ നഗരസഭയ്ക്ക് കീഴിൽ

എട്ടു മീറ്ററോളം വീതിയുള്ള റോഡ് ടാർ ചെയ്യുന്നത് മൂന്നര മീറ്റർ വീതിയിൽ മാത്രം

നിർമ്മാണം കഴിഞ്ഞ ഭാഗങ്ങളിൽ ചിലയിടത്ത് എഡ്ജുകൾ ഉള്ളതായി പരാതി

റീ ടാറിംഗിന് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചത് 1.82 കോടി രൂപ

എട്ടുമീറ്റർ വീതിയുള്ള റോഡിൽ മൂന്നര മീറ്റർ മാത്രം ടാർ ചെയ്തതിനാൽ അപകടങ്ങൾ പെരുകുന്നുണ്ട്. എതിരെ വരുന്ന വാഹനങ്ങൾക്ക് വശം കൊടുക്കുന്നതിന് ഇരുചക്ര വാഹന യാത്രക്കാർ പെട്ടെന്ന് ശ്രമിച്ചാൽ പലരും അപകടത്തിൽ കുടുങ്ങുകയാണ്. ഈ അവസ്ഥയ്ക്ക് ഒരു പരിഹാരം വേണം.

- ഇ.കെ. ദിവാകരൻ