ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ ഈവനിംഗ് ഒ.പി തുടങ്ങാൻ എച്ച്.എം.സി യോഗത്തിൽ തീരുമാനം. ഈവനിംഗ് ഒ.പി.യിലേക്കുള്ള ഡോക്ടർ, എച്ച്.എം.സി ഫാർമസിസ്റ്റ് എന്നിവരെ നഗരസഭ നിയമിക്കും. നിലവിൽ ഉച്ച വരെയാണ് ഒ.പി പ്രവർത്തിക്കുന്നത്. പ്രതിദിനം ആയിരത്തോളം രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്.

ഉച്ചയ്ക്ക് ശേഷമുള്ള രോഗികൾ ഇപ്പോൾ ക്വാഷാലിറ്റിയിലാണ് എത്തുന്നത്. ഇത് പല അസൗകര്യങ്ങൾക്കും കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഈവനിംഗ് ഒ.പി ആരംഭിക്കാൻ തീരുമാനിച്ചത്. ഫെബ്രുവരി ഒന്ന് മുതൽ ഒ.പി പ്രവർത്തന സജ്ജമാക്കാനാണ് തീരുമാനം. ആശുപത്രിയിലെത്തുന്ന വാഹനങ്ങളിൽ നിന്ന് പാർക്കിംഗ് ഫീസ് ഈടാക്കാനും യോഗം തീരുമാനിച്ചു.

എന്നാൽ പാർക്കിംഗ് ഫീസിൽ നിന്നും ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കും. മറ്റ് വാഹനങ്ങളിൽ നിന്ന് ഫീസായി പത്ത് രൂപയാണ് ഈടാക്കുക. ആശുപത്രിയുടെ പടി‌ഞ്ഞാറെ ഭാഗത്ത് വിശാലമായ പാർക്കിംഗ് ഗ്രൗണ്ട് ഒരുക്കും. ഡയാലിസിസ് യൂണിറ്റ് മൂന്ന് ഷിഫ്റ്റാക്കാനും തീരുമാനമായി. നിലവിൽ രണ്ട് ഷിഫ്റ്റായാണ് യൂണിറ്റിന്റെ പ്രവർത്തനം.

ഡയാലിസിസ് യൂണിറ്റിലേക്കുള്ള നഴ്‌സുമാരുടെ പരിശീലനം പൂർത്തിയായതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ബി.ഡി. ദേവസ്സി എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, കൗൺസിലർ വി.ജെ. ജോജി, കെ.ജി. സുന്ദരൻ, ആശുപത്രി സൂപ്രണ്ട് ഡോ. എൻ.എ. ഷീജ, ആർ.എം.ഒ: ശ്യാം തുടങ്ങിയവർ സംബന്ധിച്ചു.