ചാലക്കുടി: സമഗ്ര മാലിന്യ സംസ്‌കരണം, സമ്പൂർണ ആരോഗ്യ ശുചിത്വം എന്ന മുദ്രാവാക്യവുമായി മേലൂർ പഞ്ചായത്തിൽ ശുചിത്വ മനുഷ്യച്ചങ്ങല സൃഷ്ടിച്ചു.
ആർദ്രം ജനകീയ കാമ്പയിൻ ഹെൽത്തി മേലൂർ എന്ന പേരിൽ ഒരുക്കിയ ശുചിത്വ ചങ്ങലയിൽ ആയിരങ്ങൾ അണിനിരന്നു. ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു, വില്ലേജ് ഓഫീസർ പി.വി. ആന്റണി, മർച്ചന്റ്‌സ് അസോസിയേൻ പ്രസിഡന്റ് ബിനോയി മേച്ചേരി, കൊരട്ടി എസ്.ഐ: രാമു എന്നിവരടങ്ങിയ പ്രമുഖർ ചങ്ങലയിൽ കണ്ണികളായി. പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളും കണ്ണികളാകാനെത്തി.
ബി.ജെ.പിയെ ഒഴിവാക്കിയെന്ന്
മേലൂർ പഞ്ചായത്ത് സംഘടിപ്പിച്ച ശുചിത്വ ചങ്ങലയിൽ ബി.ജെ.പിയെ തഴഞ്ഞെന്ന് പരാതി. എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും അറിയിപ്പു കൊടുത്തപ്പോൾ ബി.ജെ.പിയെ മനഃപൂർവ്വം ഒഴിവാക്കുകയായിരുന്നുവെന്ന് പ്രസിഡന്റ് പി.ആർ. ശിവപ്രസാദ് കുറ്റപ്പെടുത്തി. കഴിഞ്ഞ വർഷവും ഇത്തരത്തിൽ അവഹേളനം ഉണ്ടായെന്നും ശിവപ്രസാദ് ചൂണ്ടിക്കാട്ടി.
ആരോപണം അടിസ്ഥാന രഹിതം
ബി.ജെ.പിയുടെ ആരോപണം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു പറഞ്ഞു. ഇതുസംബന്ധിച്ച് ആലോചനാ യോഗം നടന്നത് ജനുവരി 18നായിരുന്നു. ബി.ജെ.പിയെ പ്രതിനിധീകരിച്ച് രാംദാസ് യോഗത്തിൽ പങ്കെടുത്തിരുന്നു. ആലോചനാ യോഗത്തിൽ പങ്കെടുത്തവർക്ക് മറ്റൊരു അറിയിപ്പ് കൊടുക്കില്ലെന്നും തീരുമാനം എടുത്തിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.