തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയുടെ പണി പൂർത്തിയാക്കി കുതിരാൻ തുരങ്കം തുറക്കാൻ ആവശ്യമായ 1.4318 ഹെക്ടർ വനഭൂമി നിബന്ധനകളോടെ വിട്ടുകൊടുക്കുവാൻ വനംവകുപ്പ് സമ്മതിച്ചു. 0.9984 ഹെക്ടർ വനം പീച്ചി വൈൽഡ് ലൈഫിലും 0.433 ഹെക്ടർ തൃശൂർ ഫോറസ്റ്റ് റേഞ്ചിലുമാണ് ഉൾപ്പെട്ടിട്ടുളളത്.

വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റിന്റെ ഓഫീസിൽ നിന്ന് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് കത്തയച്ചതായി ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി ജെ കോടങ്കണ്ടത്തിന് വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചു. 306 മരങ്ങളാണ് മുറിക്കേണ്ടത്. സർക്കാർ റെക്കാഡ് പ്രകാരമുളള വനഭൂമിയുടെ രേഖകളിൽ മാറ്റം വരുത്താൻ പാടില്ലെന്നും ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് അതിർത്തി ഇടാനും നഷ്ടപരിഹാര സംഖ്യ ദേശീയപാത അതോറിറ്റി കെട്ടിവെയ്‌ക്കേണ്ടതാണെന്നും അടക്കമുളള 16 നിബന്ധനകളോടെയാണ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് ശുപാർശ നൽകിയത്. കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഒഫ് എൻവയോൺമെന്റൽ ഫോറസ്റ്റ് ക്ലൈമറ്റ് ചേയ്ഞ്ച് റീജണൽ ഒഫ് ബാംഗ്ലൂരുവിൽ നിന്നാണ് അനുമതി ലഭിക്കേണ്ടത്.