തൃശൂർ: കോൺഗ്രസ് തൃശൂർ ജില്ലാ പ്രസിഡന്റായി ഐ ഗ്രൂപ്പ് നേതാവ് എം.പി വിൻസെന്റിനെ നിയോഗിച്ചേക്കും. കെ.പി.സി.സിയുടെ എ - ഐ ഗ്രൂപ്പുകൾ എ.ഐ.സി.സിക്ക് സമർപ്പിച്ച ഭാരവാഹി പട്ടികയിൽ വിൻസെന്റിന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട്. നിലവിൽ തൃശൂർ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയാണ് വിൻസെന്റ്. 2011ൽ ഒല്ലൂർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. ഡി.സി.സി പ്രസിഡന്റായിരുന്ന ടി.എൻ. പ്രതാപൻ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ പ്രസിഡന്റിനെ കണ്ടെത്തേണ്ടി വന്നത്. ഒരു വർഷം മുമ്പ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിയാൻ ആഗ്രഹം പ്രകടിപ്പിച്ച് ടി.എൻ. പ്രതാപൻ കെ.പി.സി.സി, എ.ഐ.സി.സി നേതൃത്വത്തിന് കത്തു നൽകിയിരുന്നു. ഇടക്കാലത്ത് എ ഗ്രൂപ്പിന്റെ ഒ. അബ്ദുറഹ്മാൻ കുട്ടിയും പി.എ. മാധവനും പ്രസിഡന്റായിട്ടുണ്ടെങ്കിലും ഇപ്പോൾ ഐ ഗ്രൂപ്പ് തന്നെ പ്രസിഡന്റ് സ്ഥാനം തിരികെ പിടിച്ചിരിക്കുകയാണ്. മുൻ കാലങ്ങളിൽ തൃശൂർ ഡി.സി.സി പ്രസിഡന്റ് സ്ഥാനം ഐ ഗ്രൂപ്പിനായിരുന്നു. വി.എം. സുധീരൻ കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോൾ ഗ്രൂപ്പില്ലാത്ത നേതാവെന്ന നിലയിലാണ് പ്രതാപൻ ഡി.സി.സി പ്രസിഡന്റായി നിയമിതനായത്.