തൃശൂർ: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രസവ വാർഡിൽ ഹൈ ഡിപെൻഡൻസി യൂണിറ്റ് ആരംഭിക്കാൻ തുക അനുവദിച്ച് സർക്കാർ ഉത്തരവായി. സർക്കാരിന്റെ ലക്ഷ്യ എന്ന പദ്ധതി പ്രകാരമാണ് ആദ്യം സെൻട്രൽ ഓക്‌സിജൻ സിസ്റ്റത്തിനായി പത്ത് ലക്ഷം രൂപ അനുവദിച്ചത്. സ്ഥല പരിമിതി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഗൈനക്കോളജി വിഭാഗത്തിന്റെ കീഴിലുള്ള ലേബർ റൂമിന്റെ സമീപത്താണ് പദ്ധതി പ്രകാരമുള്ള എച്ച്.ഡി യൂണിറ്റ് ആരംഭിക്കുന്നത്. പ്രസവശേഷം അമ്മ മറ്റൊരിടത്തും കുഞ്ഞ് വേറെ വാർഡിലും കഴിയേണ്ട അവസ്ഥയായിരുന്നു ഇതു വരെ. മാതൃമരണ നിരക്കു കുറയ്ക്കാനും ലോകോത്തര നിലവാരത്തിലേക്ക് ശുശ്രൂഷ നൽകാനും പദ്ധതി പ്രകാരം സാധിക്കും.