എരുമപ്പെട്ടി: വിവാദങ്ങൾക്കിടെ എരുമപ്പെട്ടി ഗവ. എൽ.പി സ്‌കൂളിന് സ്മാർട്ട് ക്ലാസ് റൂം നിർമ്മാണത്തിന് വീണ്ടും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് അനുവദിച്ചു. മുൻപ് അനുവദിച്ച ഫണ്ട് മറ്റൊരു മാനേജ്മെന്റ് സ്‌കൂളിന് ചെലവഴിച്ചതായി ആരോപിച്ച് കോൺഗ്രസ് സമര രംഗത്തുണ്ട്.

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് എരുമപ്പെട്ടി ഗവ.എൽ.പി.സ്‌കൂളിനും ,യു.പി.സ്‌കൂളിനും സ്മാർട്ട് ക്ലാസ് റൂമുകൾക്കായി ഫണ്ട് അനുവദിച്ചിരുന്നെങ്കിലും നിർമ്മാണം നടത്തിയിരുന്നില്ല. അതേസമയം നടക്കാത്ത നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കിയെന്ന് കാണിച്ച് രേഖയുണ്ടാക്കി നിർമ്മാണച്ചുമതലയുണ്ടായിരുന്ന കാഡ്‌കോ കമ്പനി പണം തട്ടിയെടുക്കാൻ ശ്രമം നടത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധ സമരവുമായി കോൺഗ്രസ് രംഗത്തുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് ക്രമക്കേടിന് കൂട്ടു നിന്നുവെന്നും പ്രസിഡന്റിന്റെ മേൽനോട്ടത്തിലുള്ള മനേജ്‌മെന്റ് സ്‌കൂളിലേക്ക് ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്നും കാണിച്ച് കോൺഗ്രസ് വിജിലൻസിൽ പരാതി നൽകിയിട്ടുണ്ട്. ഗവ. എൽ.പി. സ്‌കൂളിലേക്ക് കൊണ്ടുവന്ന ഫർണിച്ചറുകളും ഇവിടെ നിന്ന് മറ്റൊരു സ്‌കൂളിലേക്ക് കയറ്റി കൊണ്ട് പോയതായും പരാതിയുണ്ട്.

ആരോപണങ്ങളും പ്രതിഷേധ സമരങ്ങളും നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എൽ.പി സ്‌കൂളിന് ബ്ലോക്ക് പഞ്ചായത്ത് സ്മാർട് ക്ലാസ് റൂമിനായി വീണ്ടും ഫണ്ട് അനുവദിച്ചത്. സ്‌കൂൾ പി.ടി.എ കമ്മിറ്റി അപേക്ഷ നൽകിയതിനെ തുടർന്നാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. നിലവിൽ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടമാണ് സ്മാർട് ക്ലാസ് റൂം നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.

ഗവ. എൽ.പി. സ്‌കൂളിലേക്ക് കൊണ്ടുവന്ന ഫർണിച്ചറുകളും മറ്റും കടത്തിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തതും രാഷ്ട്രീയ പ്രേരിതവുമാണ്. സ്മാർട് ക്ലാസ് റൂമിനാവശ്യമായ സ്ഥല സൗകര്യമുള്ള മുറികൾ ഇല്ലാത്തതാണ് നിർമ്മാണം നടത്താൻ കഴിയാത്തതിന് കാരണം.

-എസ്. ബസന്ത് ലാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്