കൊടുങ്ങല്ലൂർ: ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ച് എം.ഇ.എസ് അസ്മാബി കോളേജ് വിദ്യാർത്ഥികളുടെ ഗ്രാമസേവന പരിപാടി ഗ്രാമിക 2020നു തുടക്കമായി. ഗ്രാമിക 2020ന്റെ ഉദ്ഘാടനം എടവിലങ്ങ് പഞ്ചായത്തിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. ഇലക്ട്രോണിക് മാലിന്യം ഭൂമിക്കൊരു പുതുശത്രു എന്ന മുദ്രാവാക്യമുയർത്തി കൊണ്ടാണ് അസ്മാബി കോളേജിലെ വിദ്യാർത്ഥികൾ ഗ്രാമങ്ങളിലേക്ക് ഇറങ്ങിയത്. ഗ്രാമികയുടെ ഭാഗമായി എടവിലങ്ങ്, എസ്.എൻ പുരം, എറിയാട് പഞ്ചായത്തുകളിലെ വീടുകളിൽ കുട്ടികൾ നേരിട്ടെത്തി ഇ -മാലിന്യങ്ങൾ സൗജന്യമായി ശേഖരിച്ചു. ആറായിരത്തിൽ പരം വീടുകളിൽ കയറി 10 ടൺ ഇ- മാലിന്യമാണ് ശേഖരിച്ചത്.
ഗ്രാമിക 2020ന്റെ ഭാഗമായി അസ്മാബി കോളേജിലെ വിവിധ ഡിപ്പാർട്മെന്റുകളുടെ നേതൃത്വത്തിൽ വാർഡ് അടിസ്ഥാനത്തിലും പഞ്ചായത്ത് അടിസ്ഥാനത്തിലും ഇ- വേസ്റ്റ് സംസ്കരണത്തെ കുറിച്ച് വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. അസ്മാബി കോളേജ് സെക്രട്ടറി ആൻഡ് കറസ്പോണ്ടന്റ് സലീം അറയ്ക്കൽ, പ്രിൻസിപ്പാൾ ഡോ. അജിംസ് പി മുഹമ്മദ്, വൈസ് പ്രിൻസിപ്പാൾ ഡോ. അസ്മ, ഗ്രാമികയുടെ കോ ഓർഡിനേറ്റർമാരായ മുഹമ്മദ് അരീജ് ഇ.എം, സനന്ദ് സദാനന്ദൻ, സ്വാശ്രയ വിഭാഗം മേധാവി ഡോ. കെ.പി സുമേധൻ എന്നിവർ നേതൃത്വം വഹിച്ചു. കോളേജിലെ രണ്ടായിരത്തിൽ അധികം വിദ്യാർത്ഥികളും അദ്ധ്യാപകരും പഞ്ചായത്തുകളിലെ വാർഡ് മെമ്പർമാരും പങ്കെടുത്തു.