തൃശൂർ: ഗുണമേന്മാ പരിപാലന സംവിധാനത്തിലൂടെ മികച്ച സേവനം ലഭ്യമാക്കി ജില്ലയിലെ 86 പഞ്ചായത്തുകൾക്കും ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ ജില്ലയായി തൃശൂർ. ഗുണനിലവാര മേന്മയുടെ അന്താരാഷ്ട്ര സൂചികയായ ഐ.എസ്.ഒ 9001 : 2015 സർട്ടിഫിക്കേഷനാണ് എല്ലാ പഞ്ചായത്തുകളും ഒരുമിച്ച് നേടിയത്. പഞ്ചായത്ത് ഓഫീസുകളിൽ വികസന പദ്ധതികൾ സുതാര്യവും തൃപ്തികരവും സമയബന്ധിതവുമായി പൂർത്തീകരിക്കുക, പുരോഗതി ഉറപ്പുവരുത്തുക, ഗുണമേന്മാ ലക്ഷ്യങ്ങൾ പരിശോധിക്കുക, ജനസൗഹൃദമാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളാണ് ഇതിലൂടെ കൈവരിച്ചത്.
എല്ലാ പഞ്ചായത്തുകളിലെയും ഫ്രണ്ട് ഓഫീസ് സംവിധാനത്തിലൂടെ പൊതുജനസഹായം, സംശയനിവാരണം എന്നിവയ്ക്ക് ഹെൽപ് ഡെസ്‌ക്, ഫ്രണ്ട് ഓഫീസ് കിയോസ്‌ക് തുടങ്ങിയവ ഒരുക്കിയിരുന്നു. ഇരിപ്പിട സൗകര്യം, ശീതീകരിച്ച മുറികൾ, കുടിവെള്ളം, ടി.വി സംവിധാനങ്ങളും പഞ്ചായത്തുകളിലുണ്ട്. പഞ്ചായത്തുകൾ ഹരിതചട്ടം പാലിക്കുന്നതായും വിലയിരുത്തി. അപേക്ഷകളുടെ സ്ഥിതിവിവരങ്ങൾ അറിയാനുളള എസ്.എം.എസ് സംവിധാനവും ഉടമസ്ഥാവകാശ, ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാക്കുന്നതും ഫലപ്രദമായി. എല്ലാ പഞ്ചായത്തുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം ആദ്യം കൈവരിച്ചത് 2009 ൽ തൃശൂരായിരുന്നു.
ആദ്യഘട്ടത്തിൽ സർട്ടിഫിക്കറ്റ് : 21 പഞ്ചായത്തുകൾക്ക്
രണ്ടാം ഘട്ടത്തിൽ: 65
പഞ്ചായത്തുകളുടെ സവിശേഷതകൾ:
രേഖകൾ തരം തിരിച്ച് സൂക്ഷിച്ചിട്ടുള്ള റെക്കാഡ് റൂം.
നിമിഷങ്ങൾക്കുള്ളിൽ ഇതുവഴി രേഖകൾ കണ്ടെത്താം.
വിവിധ സേവനങ്ങൾ ഓൺലൈനായി
വസ്തുനികുതി അടക്കാൻ: tax.lsgkerala.gov.in
കമ്പ്യൂട്ടർവത്കരിച്ചത്:
സാമൂഹികസുരക്ഷാ പെൻഷൻ
കെട്ടിട നിർമാണ പെർമിറ്റ്
വികസന പദ്ധതികൾ തയ്യാറാക്കൽ
ഭരണസമിതി യോഗങ്ങളുടെ മിനിറ്റ്‌സ് രേഖപ്പെടുത്തൽ
അടുത്ത ലക്ഷ്യങ്ങൾ:
ജനങ്ങളും ജീവനക്കാരും തമ്മിലുള്ള സൗഹൃദം വിപുലപ്പെടുത്തുക.
സേവനം ഓൺലൈൻ വഴി വേഗത്തിൽ ലഭ്യമാക്കുക
പദ്ധതികളുടെ ഗുണഫലങ്ങൾ സമയബന്ധിതമായും കാര്യക്ഷമമായും എത്തിക്കുക
''പഞ്ചായത്തുകൾക്ക് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഗ്രേഡിംഗ് ഏർപ്പെടുത്തും. സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളും 941ൽ രണ്ടെണ്ണം ഒഴികെ എല്ലാ പഞ്ചായത്തുകളും സർട്ടിഫിക്കേഷൻ നേടി. അഞ്ച് മാസം കൊണ്ട് മുഴുവൻ ജില്ലാ പഞ്ചായത്തുകളും കോർപറേഷനുകളും മുനിസിപ്പാലിറ്റികളും കിലയുടെ നേതൃത്വത്തിൽ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേട്ടം കൈവരിക്കും. ''
മന്ത്രി എ.സി. മൊയ്തീൻ, ജില്ലാതല പ്രഖ്യാപനച്ചടങ്ങിൽ