വിഷയം ഉന്നയിക്കാൻ ക്ഷീര സംഘങ്ങൾ രംഗത്ത്

മാള: സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത പാൽ വ്യാപകമാകുമ്പോൾ നടപടിയെടുക്കാനാകാതെ ക്ഷീരവികസന വകുപ്പ് ഇരുട്ടിൽ തപ്പുന്നു. ഗുണനിലവാരമില്ലാത്ത പാൽ വ്യാജമായി നിർമ്മിക്കുന്നതായും സൂചനയുണ്ട്. എന്നാൽ ചില പഞ്ചായത്തുകൾ തന്നെ ഇത്തരത്തിലുള്ള പാൽ വിൽക്കുന്നതിന് അനുമതി നൽകിയതായും പരാതികളുണ്ട്.

കഴിഞ്ഞ ദിവസം ക്ഷീര സംഘം പ്രസിഡന്റുമാർ ഇക്കാര്യം ഡെപ്യൂട്ടി ഡയറക്ടർക്ക് മുന്നിൽ അവതരിപ്പിച്ചു. അടുത്ത മാസം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ക്ഷീരോത്സവത്തിൽ വിഷയം ഉന്നയിക്കുമെന്ന് പൂപ്പത്തി ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡന്റ് എൻ. രഞ്ജിത്ത് പറഞ്ഞു. ക്ഷീര സംഘങ്ങൾക്ക് മുന്നിൽ വരെ ഗുണനിലവാരമില്ലാത്ത പാൽ വിൽപ്പന വ്യാപകമാണെന്നാണ് പരാതികളുയരുന്നത്. ഇത്തരം പാൽ വ്യാപകമാകുന്നത് പല സ്ഥലങ്ങളിലും ക്ഷീര സംഘങ്ങളേയും കർഷകരേയും ബാധിക്കുകയാണ്. പരാതികൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറിയാലും കാര്യമായ നടപടിയൊന്നും ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ക്ഷീര വികസന വകുപ്പിന് സംസ്ഥാനത്ത് പരിശോധനാ സംവിധാനങ്ങൾ ഉണ്ടെങ്കിലും നടപടിയെടുക്കാൻ അധികാരമില്ലാത്തത് തടസമായി നിലനിൽക്കുന്നു. വ്യാജനും ഗുണനിലവാരമില്ലാത്തതുമായ പാൽ പരിശോധിക്കാനും നടപടി സ്വീകരിക്കാനും ക്ഷീര വികസന വകുപ്പിന് അധികാരം നൽകണമെന്നാണ് സംഘങ്ങളുടേയും കർഷകരുടേയും ആവശ്യം. ഇക്കാര്യങ്ങൾ സംസ്ഥാന ക്ഷീരോത്സവത്തിൽ ജില്ലയിൽ നിന്നുള്ള പ്രതിനിധികൾ ഉന്നയിക്കുമെന്നും സൂചയുണ്ട്.

ഗുണനിലവാരമില്ലാത്തതും വ്യാജനുമായ പാൽ വിൽപ്പനക്കെതിരെ നടപടിയെടുക്കുന്നതിന് ക്ഷീര വികസന വകുപ്പിന് അധികാരമില്ല. ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടത്. പരാതികൾ കൈമാറുകയാണ് രീതി.

- ശാലിനി ഗോപിനാഥ് (ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ)