പുതുക്കാട്: പാലിയേക്കരയിൽ ഫാസ് ടാഗ് നടപ്പിലാക്കുമ്പോൾ തദ്ദേശവാസികളുടെ സൗജന്യ വിഷയത്തിൽ നടക്കുന്ന പ്രതിഷേധം കണ്ടില്ലെന്ന് നടിക്കുന്ന ജനപ്രതിനിധികളുടെ മൗനത്തിന് പിന്നിൽ ടോൾ കമ്പനിയുമായുള്ള അവിഹിത ബന്ധമാണെന്ന് സംശയിച്ചാൽ തെറ്റില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ കെ. വേണു. യു.ഡി.എഫ് പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ പണിമുടക്കിനോടനുബന്ധിച്ചു സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈക്കോടതി പറഞ്ഞിട്ടും എന്തുകൊണ്ട് പ്രാദേശികവാസികളുടെ പ്രശ്‌നത്തിൽ സർക്കാർ തീരുമാനമെടുക്കുന്നില്ല. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വൻ കുരുക്കിൽപെട്ടിട്ടും ഭരണകൂടം ഇടപെടാത്തത് ഭീകരമാണെന്ന് വേണു പറഞ്ഞു.
യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.എൽ ജോസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എം.കെ പോൾസൺ, സോമൻ മൂത്രത്തിക്കര, ഷെന്നി പനോക്കാരൻ, കെ.എസ് കൃഷ്ണൻകുട്ടി, പി.കെ വേലായുധൻ, പീറ്റർ കല്ലൂർ, പ്രിൻസൺ തയ്യാലക്കൽ, സുനിൽ മുളങ്ങാടൻ, കെ.എസ് ജോൺസൺ, ആന്റണി കൂറ്റുകാരൻ, കെ.വി പുഷ്പാകരൻ എന്നിവർ പ്രസംഗിച്ചു..