കൊടുങ്ങല്ലൂർ: ഭരണഘടന പൗരന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ്, ഹനിക്കാനല്ലെന്ന് ജസ്റ്റിസ് കമാൽ പാഷ. പൗരത്വ ഭേദഗതി-ഭരണഘടനയും ഗാന്ധിയൻ കാഴ്ചപ്പാടും എന്ന വിഷയത്തെ ആസ്പദമാക്കി എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാവണം ജനാധിപത്യ ഭരണമെന്നും എല്ലാ തരം ജനങ്ങൾക്കും തുല്യനീതി ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിൽ ഭൂരിഭാഗം ജനങ്ങളും വോട്ടിംഗ് മെഷ്യനിൽ അവിശ്വസിക്കുന്നതിനാൽ ബാലറ്റ് ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എം.ഇ.എസ് പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ വിഷയാവതാരകനായി. ജനാധിപത്യ ധ്വംസനത്തിൽ നമ്മുടെ രാജ്യം ഇപ്പോൾ അൻപത്തി മൂന്നാമത് സ്ഥാനത്തെത്തിയത് ഒരു ജനാധിപത്യ രാജ്യത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വ: ആശ ഉണ്ണിത്താൻ, എം.ഇ.എസ്. സംസ്ഥാന സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീൻ എന്നിവർ പ്രഭാഷണം നടത്തി. സ്കൂൾ ചെയർമാൻ പി.എം. മൊഹിയുദ്ധീൻ, സെക്രട്ടറി കെ.എ. മുഹമ്മദ് ഇബ്രാഹിം, വി.എം. ഷൈൻ, മുഹമ്മദ് ഷെമീർ എന്നിവർ പ്രസംഗിച്ചു.