പുതുക്കാട്: റോഡിന് കുറുകെയെത്തിയ മാൻ ബൈക്കിലിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്. കാരികുളം ഹാരിസൻ എസ്റ്റേറ്റ് തൊഴിലാളിയായ മുരിങ്ങാട്ട് കഴിയൻ മുഹമ്മദാലിയുടെ മകൻ നൗഷാദിന്(45) ആണ് പരിക്ക്. ബുധനാഴ്ച രാത്രി 7.30നായിരുന്നു സംഭവം.
കോടാലിയിൽ നിന്നും കാരികുളത്തേക്ക് വരുമ്പോൾ ഇഞ്ചക്കുണ്ടിലെ മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. പരിക്കേറ്റ് റോഡിൽ വീണ് കിടന്നിരുന്ന നൗഷാദിനെ നാട്ടുകാർ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചു. പിന്നീട് വനം വകുപ്പിന്റെ ജീപ്പിൽ കൊടകര ശാന്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കൈക്കുഴയുടെ എല്ലിന് പൊട്ടലും, തലയ്ക്കും കണ്ണിനും മുറിവും കാൽ പാതത്തിന് രണ്ടിടത്തായി എല്ലിന് പൊട്ടലുമുണ്ട്. ഇപ്പോൾ അപകടം നടന്ന സ്ഥലത്തിനടുത്താണ് കഴിഞ്ഞ വർഷവം ബൈക്ക് യാത്രക്കാരനും ബസ് കണ്ടക്‌ടറുമായ നാസറിന് പന്നിയുടെ ആക്രമണത്തിൽ ബൈക്ക് മറിഞ്ഞ് ജീവൻ നഷ്ടമായത്.
കാട്ട് മൃഗങ്ങളുടെ ആക്രമണം തുടരുമ്പോൾ വനം വകുപ്പ് റോഡിനോട് ചർന്നുള്ള വശത്ത് സോളാർ വേലി സ്ഥാപിക്കണമെന്നും നൗഷാദിന് സാമ്പത്തിക സഹായം നൽകണമെന്നും നാട്ടുകാർ വനംവകുപ്പ് അധിക്യതരോട് ആവശ്യപെട്ടു.