പാവറട്ടി: റോഡ് സുരക്ഷാ ബോധവത്കരണവുമായി പെരുവല്ലൂർ ഗവ. യു.പി സ്‌കൂളിലെ വിദ്യാർത്ഥികൾ റോഡിലിറങ്ങി. റോഡ് നിയമം പാലിച്ചവർക്ക് മധുരം നൽകിയാണ് കുട്ടികൾ യാത്രയാക്കിയത്. സ്കൂളിലെ സുരക്ഷാ ക്ലബ്ബും പാവറട്ടി പൊലീസും പൂർവ വിദ്യാർത്ഥികളും സംയുക്തമായാണ് റോഡ് സുരക്ഷാ കാമ്പയിൻ നടത്തിയത്. ഹെൽമെറ്റ് വയ്ക്കാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയും എത്തിയവർ ശകാരവും പിഴയും പ്രതീക്ഷിച്ചെങ്കിലും ബോധവത്കരണമാണ് ലഭിച്ചത്. പാവറട്ടി എസ്.എച്ച്.ഒ: എ. ഫൈസൽ, എസ്.ഐ: പി.ടി. ജോസഫ്, പഞ്ചായത്ത് അംഗം പി.കെ. രാജൻ, പ്രധാന അദ്ധ്യാപകൻ ജാൻസി, എൻ.എസ്. രാജേഷ് , ശശി തച്ചപ്പുള്ളി എന്നിവർ നേതൃത്വം നൽകി.