manathala-nercha
മണത്തല പള്ളിയിലെ താണി മരം ഹൈന്ദവ സഹോദരങ്ങൾ വൃത്തിയാക്കുന്നു

ചാവക്കാട്: മണത്തല ചന്ദനക്കുടം നേർച്ചയിലെ പ്രധാന ചടങ്ങുകളിലൊന്നായ നാഗങ്ങൾക്ക് മുട്ടയും, പാലും വയ്ക്കുന്ന താണിമരം പരമ്പരാഗത അവകാശികളായ ഹൈന്ദവ സഹോദരങ്ങൾ വൃത്തിയാക്കി. താണി മര പൊത്തിലാണ് നേർച്ച ദിവസം മുട്ടയും പാലും സമർപ്പിക്കുന്നത്.

താണി മരത്തിന്റെ കൊമ്പുകളും, ചില്ലുകളും വെട്ടിയൊതുക്കി വൃത്തിയാക്കിയിട്ടുണ്ട്. നൂറ്റാണ്ടായി തുടരുന്ന ആചാരത്തിന് തലമുറകൾ കൈമാറിയ വിശ്വാസത്തിന്റെ തീഷ്ണതയുണ്ട്. ബ്ലാങ്ങാട് കറുത്ത കോപ്പൻ അപ്പുവിന്റെ തലമുറക്കാരായ കറുത്ത അപ്പുക്കുട്ടിയും, സഹോദരൻ വേലായിയും നടത്തിവന്ന ആചാരം ഇപ്പോൾ ഇവരുടെ മക്കളായ രതീശൻ, സതീശൻ, രമേശൻ, ജിനീഷ്, ഉണ്ണികൃഷ്ണൻ, ഷണ്മുഖന്റെ മകനായ ശാരി, ശരത്ത് ലാൽ, ചക്കാണ്ടൻ ഭാസ്‌കരൻ, അറുമുഖൻ, മനോജ്, ഷിനോജ് എന്നിവരാണിപ്പോൾ ആചരിച്ചു പോരുന്നത്. 28, 29 തീയതികളിലാണ് മണത്തല ചന്ദനകുടം നേർച്ച.