ഗുരുവായൂർ: തിരുപ്പതി ദേവസ്വം ട്രസ്റ്റി ഗോവിന്ദ് ഹരിയും ജോയിന്റ് എക്‌സിക്യൂട്ടിവ് ഓഫീസർ ബസന്ത് കുമാറും ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ കെ.ബി. മോഹൻദാസ്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പി. ശങ്കുണ്ണിരാജ് തുടങ്ങിയവർ അനുഗമിച്ചു. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനുശേഷം തിരുവെങ്കിടം ക്ഷേത്രപരിസരത്തുള്ള തിരുപ്പതി ദേവസ്ഥാനം വക ടി.ടി.ഡി കല്യാണമണ്ഡപവും സംഘം സന്ദർശിച്ചു. കല്യാണമണ്ഡപം നവീകരിച്ച് നല്ല രീതിയിൽ നടത്താൻ ഗുരുവായൂർ ദേവസ്വം തയ്യാറാണെങ്കിൽ കല്യാണ മണ്ഡപവും സ്ഥലവും ഗുരുവായൂർ ദേവസ്വത്തെ എൽപ്പിക്കാൻ തയാറാണെന്ന് തിരുപ്പതി ട്രസ്റ്റി അറിയിച്ചു. രേഖാമൂലം അറിയിപ്പ് ലഭിച്ചാൽ ആവശ്യമായ കൂടിയാലോചനകൾക്കു ശേഷം വസ്തു എറ്റെടുക്കാൻ തയാറാണെന്ന് ഗുരുവായൂർ ദേവസ്വം അധികൃതർ തിരുപ്പതി ദേവസ്വം ഭാരവാഹികളെ അറിയിച്ചു.