തൃശൂർ: ലൈഫ് ഭവന പദ്ധതിയിൽ ഒന്നാം ഘട്ടത്തിൽ ജില്ലയിൽ ആദ്യമായി സമ്പൂർണ്ണ ഭവന പദ്ധതി നടപ്പിലാക്കിയ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിനുള്ള പ്രത്യേക പുരസ്‌കാരം തദ്ദേശ സ്വയം ഭരണ മന്ത്രി എ.സി. മൊയ്തീനിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി. കുരിയാക്കോസ്, സെക്രട്ടറി എ. ഗണേഷ്, ഹൗസിംഗ് ഓഫീസർ കെ.ജെ. ഷോബിച്ചൻ എന്നിവർ ഏറ്റുവാങ്ങി.
ലൈഫ് കുടുംബസംഗമ വേദിയിലാണ് പുരസ്‌കാരം സമർപ്പിച്ചത്. ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് എന്നിവയ്ക്ക് പ്രത്യേക പുരസ്‌കാരം വിതരണം ചെയ്തു. ലൈഫ് ഭവന പദ്ധതിയുടെ പൂർത്തീകരണത്തിന് മികച്ച പ്രവർത്തനം കാഴ്ചവച്ച വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരെയും പുരസ്‌കാരം നൽകി ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷയായി.
മേയർ അജിത വിജയൻ, എം.എൽ.എമാരായ ഇ.ടി. ടൈസൺ മാസ്റ്റർ, യു.ആർ. പ്രദീപ്, ജില്ലാ കളക്ടർ എം.കെ. ഷാനവാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ്, ലൈഫ് മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ലിൻസ് ഡേവീസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ജി. തിലകൻ തുടങ്ങിയവർ സംസാരിച്ചു.